05:41am 22 April 2025
NEWS
ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാസംഘത്തലവന്മാരുടെ കൂടെ പോയെന്ന് മുഖ്യമന്ത്രി
03/03/2025  05:12 PM IST
nila
ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാസംഘത്തലവന്മാരുടെ കൂടെ പോയെന്ന് മുഖ്യമന്ത്രി

ഇളം തലമുറ ഇന്ന് വല്ലാതെ അസ്വസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പമുള്ളവൻ ശത്രുവാണ് എന്ന ബോധത്തിലേക്ക് കുട്ടികൾ മാറുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. യുവ മനസുകളിൽ ഒപ്പമുള്ളവർ ശത്രുക്കളെന്ന ചിന്ത വളർത്തുന്നത് ആഗോളവത്കരണ സമ്പദ്‌വ്യവസ്ഥയും അതുണ്ടാക്കുന്ന കമ്പോളമത്സരങ്ങളുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ അക്രമസംഭവങ്ങൾ സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 

മുഖ്യമന്ത്രിയുടെ പ്രസം​ഗത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ: 

'കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി പരിശോധിക്കണം. കുട്ടികളിൽ അക്രമോത്സുകത വർധിച്ചുവരുന്നു. ഏങ്ങനെയാണ് ഇതിനെ നേരിടേണ്ടതെന്നത് വർത്തമാനത്തിൽ തീർക്കേണ്ടതല്ല, വിശദമായ അപഗ്രഥനം വേണ്ടതാണ്. ദേശീയവും അന്തർദേശീയവുമായ മാനങ്ങൾ ഉള്ളതുകൂടിയാണ് ഈ സംഭവം. കുറ്റകൃത്യങ്ങൾ എന്ന നിലയ്ക്കുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്. പലതും സാധാരണ പോലീസിങ്ങിന്റ പരിധിക്ക് പുറത്തുള്ളതാണ്. ഒറ്റപ്പെട്ട് പരിശോധിക്കേണ്ട ഏകമുഖമായ കാര്യമായിട്ടല്ല കാണേണ്ടത്. പലമുഖങ്ങളും പല തലങ്ങളുമുള്ള വിഷയമാണിത്. ഇന്ന് നമ്മൾ വിശദമായി ചർച്ച ചെയ്തു, ചർച്ചയോടെ ഇത് അവസാനിപ്പിക്കുയല്ല വേണ്ടത്. അങ്ങനെ അവസാനിപ്പിക്കാൻ കഴിയുന്ന വിഷയമല്ലിത്. അതീവഗൗരവമുള്ള വിഷയമായിത് സർക്കാർ കാണുന്നു. പൊതുസമൂഹത്തിന്റെ വികാരം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടുള്ള നിലപാടും നടപടികളും വേണം'.

നിയമനടപടികൾ സർക്കാർ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട്. കേവലമായ ക്രമസമാധാന പ്രശ്‌നം മാത്രമായല്ല, അതിനപ്പുറത്താണ്. സാമൂഹിക മാനമുള്ള, അതീഗൗരവമായ വിഷയമാണിത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തിനിഷ്ടമായ തലത്തിലേക്കോ രാഷ്ട്രീയ തലത്തിലേക്കോ ചുരുക്കി കാണാൻ പാടില്ല. കുട്ടികളിലെ ആക്രമണോത്സുകത ലോകമാകെ ചർച്ചചെയ്യുന്ന കാലമാണിത്. അമേരിക്കയിലെ കൊളറാഡോയിലെ കൊളംബിയ ഹൈസ്‌ക്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥി 1999-ൽ 12 സഹപാഠികളേയും ഒരു ടീച്ചറേയും വെടിവെച്ചുകൊന്നു. 21 കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഏതാണ് അതുമുതൽ ഇങ്ങോട്ട് ഈ സ്വഭാവത്തിലുള്ള ആക്രമണങ്ങളും ഇതിനെ നേരിടേണ്ടതെങ്ങനെയെന്നുമുള്ള ചർച്ച ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുന്നു എന്നത് കേരളത്തിൽ ഇത് ഉണ്ടാവുന്നതിനുള്ള ന്യായീകരണമല്ല. കേരളവും ലോകത്തിന്റെ ഭാഗമാണല്ലോ? സവിശേഷമായ സംസ്‌കാരവും ജീവിതസാഹചര്യവും നമ്മുടെ നാടിനുണ്ട്. അതിന് നിരക്കുന്നത് മാത്രമേ ഇവിടെ സംഭവിക്കാൻ പാടുള്ളൂ. അതിന് നിരക്കാത്ത രീതിയിലാണ് ഇപ്പോൾ സംഭവങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.

ഇളം തലമുറ വല്ലാതെ ഇന്ന് അസ്വസ്ഥമാണ്. മുതലാളിത്തവും ആധുനിക മുതലാളിത്തവും അതിന്റെ ഭാഗമായി വന്ന പുതിയ കമ്പോളവ്യവസ്ഥയും അതിന്റെയെല്ലാം ഭാഗമായി ഉയർന്നുവന്ന അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും കുട്ടികളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളാണ്. വലിയ തോതിലുള്ള അസ്വസ്ഥത കുട്ടികളിൽ വരികയാണ്. എല്ലായിടത്തും കടുത്ത മത്സരമാണ്. ഒപ്പമുള്ളവനെ തോൽപ്പിച്ചേ ജയിക്കാനാവൂ എന്ന ചിന്ത ഈ മത്സരം കുട്ടികളിൽ വളർത്തുന്നു. ഒപ്പമുള്ളവൻ ശത്രുവാണ് എന്ന ബോധത്തിലേക്ക് കുട്ടികൾ മാറുന്നു. ആഗോളവത്കരണ സമ്പദ്‌വ്യവസ്ഥയും അതുണ്ടാക്കുന്ന കമ്പോളമത്സരങ്ങളും യുവ മനസുകളിൽ ഒപ്പമുള്ളവർ ശത്രുക്കളെന്ന ചിന്തയാണ് വളർത്തുന്നത്.

കുടുംബസാഹചര്യങ്ങളും ബാല്യത്തിലെ ഒറ്റപ്പെടലുകളും കുട്ടികൾക്ക് മണ്ണിനോടോ പ്രകൃതിയോടോ സഹജാതരോടോ സ്‌നേഹമുണ്ടാക്കാത്ത അവസ്ഥയുണ്ടാക്കുന്നു. കുട്ടിയോടൊപ്പം സന്തോഷവും സങ്കടവും പങ്കിടാൻ ചില വീടുകളിൽ ആരുമില്ല. ഓരോരുത്തരും അവരുടെ സ്വകാര്യ ലോകങ്ങളിലാണ്. രക്ഷിതാക്കൾ എങ്ങനെ രക്ഷിതാക്കളായി മാറണമെന്ന കാര്യവും സമൂഹത്തിൽ ബോധവത്കരണം ആവശ്യമുള്ള കാര്യമാണ്. കുട്ടികൾക്ക് ഡിജിറ്റൽ അഡിക്ഷൻ വരുന്നു. അതിൽനിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുമ്പോൾ അച്ഛനും അമ്മയും കുട്ടിയുടെ ശത്രുക്കളായി മാറുന്നു. സിനിയും സീരിയലുകളും വലിയ തോതിലുള്ള ദുഃസ്വാധീനം ഉണ്ടാക്കുന്നു.

എടാ മോനെ എന്നാണ് കുട്ടികളെ വിളിക്കുന്നത്. അത് കണ്ടിട്ട് കുട്ടികൾ റൗഡി ഗ്യാങ് തലവന്മാരുടെ കൂടെ പോയെന്ന പോലീസ് റിപ്പോർട്ട് ഞാൻ കണ്ടു. വയലൻസ് ആഘോഷിക്കപ്പെടുന്ന നില പരിശോധിക്കപ്പെടണം. ഏറ്റവും കൂടുതൽ അക്രമവും കൊലയും നടത്തുന്ന ആൾ ഹീറോ എന്ന ഒരു തരം ഹീറോ വർഷിപ്പ്, എല്ലാവരേയും തല്ലി ഒതുക്കുന്നതാണ് മഹത്വം, അങ്ങനെയാണ് ഞാൻ മാറേണ്ടത് എന്ന് ചിന്തിക്കുന്ന നിലയിൽ മാറുകയാണ് കുട്ടികളുടെ മാനസികാവസ്ഥ. ഇതിന് പല കാരണങ്ങളുണ്ട്. അധ്യാപക- വിദ്യാർഥി ബന്ധത്തിലെ മാറ്റങ്ങൾ, രക്ഷിതാക്കളും കുട്ടികളും തമ്മിലെ ബന്ധത്തിലെ മാറ്റങ്ങൾ, ധൂർത്ത്- ആസക്തി, സന്തോഷം എവിടെയുണ്ടോ അതൊക്കെ സ്വന്തമാക്കണമെന്ന ചിന്ത, എന്നിവയെല്ലാം പല കാരണങ്ങളാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img img