11:01pm 28 June 2026
NEWS
പിണറായി വിജയന്റെ ഡൽഹി-കോഴിക്കോട് യാത്ര മുടങ്ങി; പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ നടപടിക്ക് നിർദേശം
28/06/2026  12:30 PM IST
NILA
Pinarayi Vijayans Delhi-Kozhikode trip cancelled Action ordered against protocol officer

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കോഴിക്കോടേക്കുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെവിമാനയാത്ര മുടങ്ങിയ സംഭവത്തിൽ നടപടികൾക്ക് കേരള ഹൗസ് റസിഡൻ്റ കമ്മീഷണർ പുനീത് കുമാർ നിർദേശം നൽകി. സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം.

നിലവിൽ വിദേശത്തുള്ള റസിഡൻ്റ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും.

ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിലാണ് പിണറായി വിജയൻ കോഴിക്കോടേക്ക് യാത്രതിരിക്കേണ്ടിയിരുന്നത്. അദ്ദേഹം സമയബന്ധിതമായി വിമാനത്താവളത്തിലെത്തിയെങ്കിലും പ്രോട്ടോക്കോൾ നടപടിക്രമങ്ങളിലുണ്ടായ ആശയക്കുഴപ്പമാണ് യാത്ര മുടങ്ങാൻ കാരണമായത്.

കഴിഞ്ഞ പത്ത് വർഷമായി മുഖ്യമന്ത്രി എന്ന നിലയിൽ ലഭിച്ചിരുന്ന പ്രത്യേക വിമാനത്താവള പ്രോട്ടോക്കോളാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ പദവികളിലുള്ളവരെ വിമാനക്കമ്പനികളുടെ പ്രതിനിധികൾ വിഐപി ലോഞ്ചിൽ നിന്ന് നേരിട്ട് വിമാനത്തിലേക്ക് ആനയിക്കുന്നതാണ് പതിവ്.

എന്നാൽ പ്രതിപക്ഷ നേതാവിന് സംസ്ഥാന ക്യാബിനറ്റ് പദവി മാത്രമാണുള്ളതെന്നും, അത്തരമൊരു പ്രത്യേക സൗകര്യം നൽകേണ്ട ബാധ്യത വിമാനക്കമ്പനികൾക്കില്ലെന്നുമാണ് കമ്പനികളുടെ നിലപാട്. അത്തരമൊരു സാഹചര്യത്തിൽ പ്രോട്ടോക്കോൾ ഓഫീസർ മുൻകൈയെടുത്ത് ബോർഡിങ് ഗേറ്റിലേക്ക് എത്തിക്കേണ്ടതായിരുന്നു. എന്നാൽ 'ലാസ്റ്റ് കോൾ' പ്രഖ്യാപിച്ച ശേഷമാണ് പിണറായി വിജയൻ വിമാനത്തിൽ കയറാത്ത വിവരം അധികൃതർ തിരിച്ചറിഞ്ഞത്. ഉടൻ ഗേറ്റിലെത്തിച്ചെങ്കിലും അതിനകം ബോർഡിങ് ഗേറ്റ് അടച്ചതിനാൽ യാത്ര മുടങ്ങുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img