11:22am 31 August 2026
NEWS
‘നിങ്ങൾ എന്തിന് മാറി ചിന്തിച്ചു? ഗോവിന്ദനെ സ്വീകരിച്ചതിൽ പലർക്കും ഇപ്പോൾ മനസ്താപമുണ്ടാകാം’; തളിപ്പറമ്പിലെ തിരിച്ചടിയിൽ അണികളെ കുറ്റപ്പെടുത്തി പിണറായി വിജയൻ
30/08/2026  08:09 PM IST
nila
‘നിങ്ങൾ എന്തിന് മാറി ചിന്തിച്ചു? ഗോവിന്ദനെ സ്വീകരിച്ചതിൽ പലർക്കും ഇപ്പോൾ മനസ്താപമുണ്ടാകാം’; തളിപ്പറമ്പിലെ തിരിച്ചടിയിൽ അണികളെ കുറ്റപ്പെടുത്തി പിണറായി വിജയൻ

കണ്ണൂർ: തളിപ്പറമ്പിലെയും കേരളത്തിലെയും എൽഡിഎഫ് പരാജയത്തിന് ഇടതുവിരുദ്ധ മാധ്യമ പ്രചാരണവും പാർട്ടി വിട്ടവരടക്കമുള്ളവർ അണികൾക്കിടയിൽ സൃഷ്ടിച്ച തെറ്റിദ്ധാരണയും കാരണമായെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ടി.കെ. ഗോവിന്ദനെ പേരെടുത്ത് വിമർശിച്ചായിരുന്നു പിണറായിയുടെ പ്രതികരണം.

പാർട്ടിയെ ദുർബലപ്പെടുത്തുകയെന്ന എതിരാളികളുടെ ലക്ഷ്യം തിരിച്ചറിയാതെയാണ് ഒരു വിഭാഗം ടി.കെ. ഗോവിന്ദനെ സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. അവസരവാദിയായ ഗോവിന്ദനെ മനസാ സ്വീകരിച്ചതിൽ ഇപ്പോൾ പലർക്കും മനസ്താപമുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണയിൽപ്പെട്ട് സ്വീകരിച്ച നിലപാടുകൾ തിരുത്തി പാർട്ടി വികാരത്തോടെ ശരിയായ നിലപാടിലേക്ക് മടങ്ങിവരണമെന്നും പിണറായി ആഹ്വാനം ചെയ്തു.

‘നിങ്ങൾ എന്തിന് മാറി ചിന്തിച്ചു?’

ഏത് പരാജയവും ഗൗരവത്തോടെ വിലയിരുത്തുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പിണറായി പറഞ്ഞു. പാർട്ടിക്കൊപ്പം നിന്നിരുന്നവർ എന്തുകൊണ്ടാണ് ഇത്തവണ മാറി ചിന്തിച്ചതെന്നും ആരെയാണ് വിശ്വാസത്തിലെടുത്തതെന്നും അണികളോട് അദ്ദേഹം ചോദിച്ചു.

പാർട്ടിയുടെ ഭാഗത്തുനിന്ന് പരാജയത്തിന് കാരണമാകുന്ന വീഴ്ചകളുണ്ടായോ എന്നതും പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ടി.കെ. ഗോവിന്ദന്റെ വിജയം എല്ലാ കാലത്തേക്കുമുള്ള വിജയമായി കാണേണ്ടതില്ലെന്നും അത് സ്ഥിരമായി നിലനിൽക്കില്ലെന്നും പിണറായി പറഞ്ഞു.

പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട ഘട്ടമാണിത്. തിരഞ്ഞെടുപ്പിലെ പരാജയത്തോടെ സിപിഎമ്മിന്റെ പ്രവർത്തനം അവസാനിക്കില്ലെന്നും ജനവിധി മാനിച്ച് പാർട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തളിപ്പറമ്പിലെ വോട്ട് ചോർച്ച പരിശോധിക്കണം

ഇടതുവിരുദ്ധ പ്രചാരണങ്ങളെ പല ഘട്ടങ്ങളിലും അതിജീവിച്ച മണ്ഡലമാണ് തളിപ്പറമ്പെന്ന് പിണറായി ചൂണ്ടിക്കാട്ടി. കോൺഗ്രസിന് അടിത്തറയുള്ള മണ്ഡലമായിരുന്നിട്ടും ഭൂരിഭാഗം തിരഞ്ഞെടുപ്പുകളിലും ഇവിടെ വിജയിച്ചത് സിപിഎമ്മായിരുന്നു.

1991ന് ശേഷം 50 ശതമാനത്തോളം എൽഡിഎഫ് വോട്ട് നേടിയിരുന്ന മണ്ഡലത്തിൽ ഇത്തവണ വോട്ട് വിഹിതം 41 ശതമാനമായി കുറഞ്ഞു. അതേസമയം, യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ ടി.കെ. ഗോവിന്ദന് ലഭിച്ച വോട്ട് മുൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചതിനേക്കാൾ കുറവായിരുന്നു. എന്നിട്ടും എൽഡിഎഫിന് പരാജയം നേരിടേണ്ടിവന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്ന് പിണറായി പറഞ്ഞു.

കേരളമാകെ നടന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ല തളിപ്പറമ്പ്. എൽഡിഎഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി വികാരം നെഞ്ചേറ്റുന്നവർ തളിപ്പറമ്പിലുണ്ടെന്നും പ്രതികൂല സാഹചര്യങ്ങളിലും അവർ എൽഡിഎഫിനൊപ്പം നിന്നിട്ടുണ്ടെന്നും പിണറായി പറഞ്ഞു. എന്നാൽ ഇത്തവണ അവരിൽ ഒരു വിഭാഗം എൽഡിഎഫിന് വോട്ട് ചെയ്തില്ല. ‘എന്താണ് നിങ്ങളെ വഴിതെറ്റിച്ചത്?’ എന്നത് ഗൗരവമായി പരിശോധിക്കണം. സംഭവിച്ച തെറ്റുകൾ തിരുത്തി എല്ലാവരും വീണ്ടും പാർട്ടിക്കൊപ്പം അണിനിരക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img