
മലപ്പുറം:തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തിരൂരിൽ നടന്ന വാർത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷമായ പ്രതികരണങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയായി. എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തെക്കുറിച്ചും പി.വി. അൻവറിന്റെ വിമർശനങ്ങളെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ നിലപാടുകൾ തന്നോടല്ല, അവരോട് തന്നെയാണ് ചോദിക്കേണ്ടതെന്ന് ക്ഷുഭിതനായി അദ്ദേഹം വ്യക്തമാക്കി. പ്രത്യേക അജണ്ടയുമായാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെങ്കിൽ അത് മാറ്റിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചില മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ പിൻവലിച്ചതും എൽ.ഡി.എഫ് അവരുടെ വോട്ട് സ്വീകരിക്കുമോ എന്നുമുള്ള തുടർച്ചയായ ചോദ്യങ്ങൾ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് "ഇയാൾക്ക് വേറെന്തോ സൂക്കേടാണ്" എന്നും വാർത്താസമ്മേളനം അലങ്കോലപ്പെടുത്താനാണോ ശ്രമമെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളുടെ സ്വന്തം ധാരണകൾ വച്ച് ചോദ്യങ്ങൾ ചമയ്ക്കരുത്. വോട്ട് കച്ചവടം നടത്തുന്നത് യു.ഡി.എഫ് ആണെന്നും അത്തരം സംഘടനകളുമായുള്ള ബന്ധം അവരോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു.
പി.വി. അൻവറിന്റെ 'മരുമോനിസം' പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേ, നാക്കിന് എല്ലില്ലാത്ത ആരെങ്കിലും പറയുന്ന കാര്യങ്ങൾ കേട്ട് ഇവിടെ വന്ന് വർത്തമാനം പറയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അൻവർ എന്തും പറയുന്ന സ്വഭാവക്കാരനാണെന്നും അത് കേട്ട് പ്രതികരിക്കാൻ നിൽക്കുന്നത് നല്ല ഗുണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവേദികളിലെ തന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ മുഖ്യമന്ത്രി പുച്ഛിച്ചു തള്ളി. തന്റെ പെരുമാറ്റം ശരിയാണോ എന്ന് വിലയിരുത്താൻ മാധ്യമങ്ങൾക്ക് സ്വാതന്ത്യമുണ്ടെന്നും ഇന്നലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല താനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ അപചയത്തെക്കുറിച്ചും പിണറായി വിജയൻ സംസാരിച്ചു. ഹരിയാനയിലെ കോഴയാരോപണം കോൺഗ്രസ് എത്രത്തോളം തകർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ കോൺഗ്രസ് നേതൃത്വം എന്തുകൊണ്ടാണ് നിയമനടപടികൾ സ്വീകരിക്കാൻ മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ വികസന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിവാദ ചോദ്യങ്ങളിലൂടെ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.











