
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പുതുക്കിപ്പണിയുന്നു. സെക്രട്ടറിയേറ്റ് കെട്ടിടം അപ്പാടെ പുതുക്കിപ്പണിയാനാണ് സംസ്ഥാന സർക്കാർ നീക്കം. ഇതിനായി അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് സെക്രട്ടറിയേറ്റ് പുതുക്കിപ്പണിയുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായത്.
രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം കാണാനും പദ്ധതി നടപ്പാക്കും. സെക്രട്ടേറിയേറ്റ് വളപ്പിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ട്രയൽ റൺ നടത്തി എത്രയും പെട്ടെന്ന് ഉപയോഗക്ഷമമാക്കും. ഗാർഹികമാലിന്യം സെക്രട്ടേറിയേറ്റിനകത്ത് കൊണ്ട് വന്ന് വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.
ഇലട്രോണിക് മാലിന്യം അന്നന്ന് തന്നെ സംസ്കരിക്കാനും ഉപയോഗ ശൂന്യമായ വാഹനങ്ങൾ സെക്രട്ടറിയേറ്റിനകത്ത് നിന്ന് അടിയന്തരമായി മാറ്റാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി സെക്രട്ടേറിയേറ്റിനുള്ളിൽ ഒരു ഫിസിയോ തെറാപ്പി സെന്റർ ഒരുക്കുന്നതിനെ കുറിച്ചും കാര്യമായ ആലോചനയുണ്ട്.











