
1992 ൽ ചെന്നൈയിൽ ചേർന്ന പതിനാലാം പാർട്ടി കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ഘടകത്തിലേയ്ക്കും ഘടകം ഒരു വ്യക്തിയിലേക്കും കേന്ദ്രീകരിക്കപ്പെടുന്നത് പാർട്ടിയുടെ തകർച്ചയ്ക്ക് ഇടയാകുമെന്ന് സോവിയറ്റ് യൂണിയനിലേയും കിഴക്കൻ യൂറോപ്പിലേയും പാർട്ടികളുടെ തകർച്ചയുടെ അനുഭവം മുൻനിർത്തി വിലയിരുത്തലുണ്ടായി.
അങ്ങനെയൊരപകടം ഇന്ത്യൻ പാർട്ടിയിൽ വരാതിരിക്കാൻ ചെന്നൈ സമ്മേളനം ചില തീരുമാനങ്ങൾ കൈക്കൊണ്ടു. ഒന്ന്, സോവിയറ്റ് ബദൽ ഉയർത്തിപ്പിടിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് തീരുമാനിച്ചു. രണ്ട്, സംഘടനയെ അടിമുടി തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. മൂന്ന്, സംഘടനാ കമ്മിറ്റികൾക്കുമേൽ ഒരു കൺട്രോൾ കമ്മീഷനെ വയ്ക്കണം എന്ന് തീരുമാനിച്ചു. ഈ മൂന്ന് തീരുമാനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിൽ ഇന്ത്യയിലെ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. സി.പി.എം ഇന്നെത്തിനിൽക്കുന്ന അവസ്ഥയുടെ പ്രധാന കാരണം സംഘടനാപരമായ ഈ പരാജയമാണ്.
1996 നുശേഷം അനവധി തവണ സി.പി.എം തെറ്റുതിരുത്തൽ രേഖകൾ തയ്യാറാക്കുകയും, തെറ്റുതിരുത്തൽ നടപടികൾക്ക് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 1996 ലെ തെറ്റുതിരുത്തൽ രേഖയിൽ കർശനമായും ഒഴിവാക്കണമെന്ന് പാർട്ടി ചൂണ്ടിക്കാണിച്ച അതേ കാര്യങ്ങൾ 30 വർഷങ്ങൾക്കുശേഷം 2026 ൽ കോഴിക്കോട് വിശാല സംസ്ഥാന സമിതിയോഗത്തിലവതരിപ്പിച്ച രേഖയിലും ഇടംപിടിച്ചിട്ടുണ്ട് എന്നത് പാർട്ടിയിൽ നൈതികമായ മാറ്റം ഉണ്ടാകുന്നേയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.
അതുകൊണ്ട് കൂടിയാവാം കോഴിക്കോട്ട് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത് തെറ്റുതിരുത്തൽ രേഖയല്ലെന്നും, അംഗങ്ങളുടെയും പാർട്ടി ഘടകങ്ങളുടെയും പ്രവർത്തന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളും പാർട്ടി ജയിക്കാനുള്ള മാർഗ്ഗങ്ങളുമടങ്ങിയ രേഖയാണ് ചർച്ച ചെയ്തതെന്നും പാർട്ടി വൃത്തങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചത്.
സെപ്റ്റംബർ രണ്ടാം വാരം രണ്ടു ദിവസത്തെ വിശാല സംസ്ഥാന സമിതിയിൽ തിരുത്തലിനും അതിനാവശ്യമായ മാറ്റങ്ങൾക്കും പ്രതിനിധികൾ മുറവിളി ഉയർത്തിയെന്നത് വാസ്തവമാണ്. എന്നാൽ നേതാക്കളുടെയും സംഘടനയുടെയും ശൈലിയും സ്വഭാവത്തിലും മാറ്റം വരാത്തിടത്തോളം കാലം കാര്യമായ ഒരു മാറ്റവും ഈ പാർട്ടിയെ അടുത്തു നിരീക്ഷിക്കുന്നവർ പ്രതീക്ഷിക്കുന്നില്ല.
കോഴിക്കോട് സമ്മേളനത്തോടെ ഇന്ത്യയിലെ പാർട്ടിയുടെ അധികാര സമവാക്യത്തിൽ തകിടം മറിച്ചിലുമുണ്ടായി എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അങ്ങനെയൊരു പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതൊരു വെറും വ്യാമോഹം മാത്രമാണെന്നുള്ളതിന്, പിണറായി വിജയനും മകൾക്കും പി.എ. മുഹമ്മദ് റിയാസിനുമെതിരായ സംസ്ഥാന പോലീസിന്റെ അന്വേഷണത്തെ സി.പി.എം നേരിടുന്ന രീതി തന്നെ തെളിവാണ്.
എങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ കേരളത്തിലെ പാർട്ടിയിൽ പിണറായി വിജയനുണ്ടായിരുന്ന സമഗ്രാധിപത്യത്തിനെതിരേയുള്ള ചെറിയ ഒരു ചുവടുവെപ്പുണ്ടായി എന്നതും വസ്തുതയാണ്. 2026 ലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തിയ സംസ്ഥാന സമിതിയുടെ വിശദീകരണങ്ങൾ തള്ളി തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ പരിശോധിച്ച് അക്കമിട്ട് വീഴ്ചകൾ നിരത്തി ഒരു റിപ്പോർട്ട് തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും കേന്ദ്രകമ്മിറ്റി ധൈര്യം കാട്ടിയതുതന്നെ രണ്ട് പതിറ്റാണ്ടിനുശേഷം ആദ്യമായിട്ടായിരുന്നു.
കേന്ദ്ര കമ്മിറ്റിയുടെ ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച എല്ലാ പിഴവുകളുടെയും അടിവേര് വി.എസ്. അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും നേതൃത്വത്തിൽ വിഭാഗീയ മത്സരത്തിൽ പിണറായി മേൽക്കയ്യ് സ്ഥാപിച്ചെടുത്ത 2006-07 ൽ തുടങ്ങുന്നു. 2007 ൽ വി.എസിനൊപ്പം പിണറായിയെയും പോളിറ്റ് ബ്യൂറോയിൽ നിന്നൊഴിവാക്കിയെങ്കിലും പിന്നീട് ഒരിക്കൽപ്പോലും പിണറായിയിൽ കേന്ദ്രീകരിച്ച സംസ്ഥാന നേതൃത്വത്തിന്റെ ഒരു തെറ്റും തിരുത്താൻ കേന്ദ്ര നേതൃത്വം ധൈര്യപ്പെട്ടിട്ടില്ല.
പതിനെട്ടുവർഷം സംസ്ഥാന സെക്രട്ടറിയായും തുടർന്ന് പത്തുവർഷം സംസ്ഥാന മുഖ്യമന്ത്രിയായും തുടർന്ന് പ്രതിപക്ഷ നേതാവായും കേരളത്തിലെ സി.പി.എംൽ ഏറ്റവും അധികകാലം അവസാന വാക്കായിരുന്നു പിണറായി വിജയൻ. കേന്ദ്രനേതൃത്വവും പിണറായിക്ക് കീഴ്‌പ്പെട്ടതോടെ എല്ലാവിമർശനങ്ങൾക്കും അതീതനായി തീർന്നു പിണറായി. ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പലയിടങ്ങളിലും സംഭവിച്ചതുപോലെ ഇവിടെയും സി.പി.എം ഒരു വ്യക്തിയുടെ അധികാരകേന്ദ്രീകരണത്തിലേയ്ക്കും ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അന്ത്യത്തിനും പിണറായിയുടെ സമഗ്രാധിപത്യം ഇടയാക്കി.
വിമർശിക്കാൻ തയ്യാറായവർ വിമതരും വർഗ്ഗവഞ്ചകരും കമ്മ്യൂണിസ്റ്റ് വിരുദ്ധരുമായി മുദ്രകുത്തപ്പെട്ടു. പാർട്ടിയിൽ നിന്നുപുറത്താക്കി പടിയടച്ച പിണ്ഡം വെച്ചു. പാർട്ടിശത്രുക്കളെ ഹിംസാത്മകമായി നേരിട്ടു. അങ്ങനെ ദശാബ്ദങ്ങളായി കാറ്റും വെളിച്ചവും കടക്കാതെ പോയ പാർട്ടിയിൽ കോഴിക്കോട് വിശാല സംസ്ഥാന സമിതിയോടെ കാറ്റും വെളിച്ചവും കടന്നുവരും എന്ന് കരുതുന്നത് അതിരുകടന്ന പ്രതീക്ഷയാകാനേ വഴിയുള്ളൂ.
എങ്കിലും പിണറായി ആഗ്രഹിക്കുന്നതിനും പറയുന്നതിനുമപ്പുറം കേരളത്തിലെ പാർട്ടിയിൽ ഒന്നും സംഭവിക്കില്ലെന്ന അവസ്ഥയ്ക്ക് കോഴിക്കോട്ട് മാറ്റമുണ്ടായി. കേന്ദ്ര നേതൃത്വത്തിന് ചില ഇടപെടലുകൾ നടത്താൻ സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ജനറൽ സെക്രട്ടറി എം.എ. ബേബിയും കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കുമാണ് പിണറായിയുടെ സമഗ്രാധിപത്യത്തിന് മാറ്റം വരണം എന്ന നിലയിൽ പാർട്ടിക്കുള്ളിൽ ചില നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്ന അഭിപ്രായം ഇവർക്കുണ്ടായിരുന്നു. ബേബിയുടെ അഭിപ്രായം പല പി.ബി അംഗങ്ങളെയും സ്വാധീനിച്ചതുകൊണ്ടാണ് ഇക്കാര്യത്തിൽ പി.ബിയിൽ ചേരിതിരിവ് ഉണ്ടായത്. വിപുലീകൃത സംസ്ഥാന സമിതിയിൽ ഒമ്പത് പി.ബി അംഗങ്ങൾ പങ്കെടുത്തെങ്കിലും മുമ്പ് പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രൻ പിള്ളയുമൊക്കെ നിലപാട് എടുക്കുന്നതുപോലെ പിണറായിയുടെ താൽപ്പര്യങ്ങളെ കണ്ണടച്ച് പിന്തുണയ്ക്കുന്നവരായിരുന്നില്ല കോഴിക്കോട്ട് പങ്കെടുത്ത പി.ബി അംഗങ്ങൾ.
അതുകൊണ്ട് മാത്രമാണ് മുന്നൂറുപേർ പങ്കെടുത്ത സംസ്ഥാന സമിതിയിൽ പിണറായി വിജയന്റെ സ്വന്തം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ശാസനയ്ക്ക് വിധേയനാകേണ്ടി വന്നത്. സംഘടനയിലും ഭരണത്തിലുമുള്ള വീഴ്ചകളാണ് പരാജയത്തിന് കാരണമെന്ന് കേന്ദ്രകമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ സംഘടനാതലത്തിലുള്ള വീഴ്ചയ്ക്ക് വിമർശനങ്ങൾക്കപ്പുറം സെക്രട്ടറിക്കെതിരെ ഒരു നടപടി പിണറായിയുടെ ആധിപത്യത്തിൽ പൂർണ്ണവിശ്വാസമുള്ള ഗോവിന്ദനടക്കം ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഗോവിന്ദനെതിരെ നടപടിയെടുക്കുന്നതിൽ പിണറായി വിജയനുള്ള വിയോജിപ്പ് അവഗണിച്ചാണ് പി.ബി തീരുമാനമെടുത്തത്. പി.ബിയുടെ തീരുമാനം ജനറൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ശക്തമായി വിയോജിച്ചിരുന്നു. തളിപ്പറമ്പ് സീറ്റിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിൽ സെക്രട്ടറി പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശാസിക്കാൻ തീരുമാനിച്ച കാര്യം സെക്രട്ടറിയേറ്റ് യോഗത്തെ എം.എ. ബേബി അറിയിച്ചപ്പോഴാണ് എതിർപ്പുണ്ടായത്. സ്ഥാനാർത്ഥിപ്പട്ടിക അംഗീകരിച്ചത് സംസ്ഥാന സെക്രട്ടറിയേറ്റായതിനാൽ സെക്രട്ടറിയേറ്റിനെ കൂട്ടായി ശാസിച്ചുകൊള്ളൂ എന്ന് അഭിപ്രായം ഉയർന്നു. സെക്രട്ടറിയേറ്റിൽ പിണറായി വിജയനെ പൂർണ്ണമായും പിന്തുണയ്ക്കുന്നവരാണ് ശക്തമായ എതിർപ്പ് ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറിയെ ദുർബലനാക്കി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന നിലപാട് പിണറായിയും സ്വീകരിച്ചിരുന്നു. എന്നാൽ വീഴ്ചകൾ കണക്കിലെടുത്താൽ പാർട്ടിക്കുള്ളിലെ ശാസന ചെറിയ നടപടിയാണെന്നും അതിലും കടുത്ത നടപടിയാണ് സെക്രട്ടറിയർഹിക്കുന്നതെന്നുമുള്ള ശക്തമായ നിലപാടാണ് പി.ബി. സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി പിണറായിയുടെ പാർട്ടിയിലെ അപ്രമാദിത്തത്തിൽ ഇടിവുണ്ടാക്കി എന്ന് തെളിയിക്കുന്നതായിരുന്നു ഗോവിന്ദനെ ശാസിക്കാനുള്ള തീരുമാനം. കോടിയേരി ബാലകൃഷ്ണനുശേഷം പൂർണ്ണവിശ്വസ്തനെന്ന നിലയിലാണ് ആദ്യം എ.വിജയരാഘവനും പിന്നീട് എം.വി. ഗോവിന്ദനും മറ്റുപലരേയും മറികടന്ന് അവസരങ്ങൾ പാർട്ടിയിൽ ലഭിച്ചത്. എ.വിജയരാഘവന് എൽ.ഡി.എഫ് കൺവീനറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരിക്കാനവസരം ലഭിച്ചു എന്നുമാത്രമല്ല, ഇരിങ്ങാലക്കുടയിൽ നിന്ന് ഒരു ടേം മാത്രം വിജയിച്ച സി.പി.എം സിറ്റിംഗ് എം.എൽ.എയെ മാറ്റി ഭാര്യ ആർ. ബിന്ദുവിനെ സ്ഥാനാർത്ഥിയാക്കാനും എം.എൽ.എ ആയി എത്തിയ ഉടനെ തന്നെ മന്ത്രിയാക്കാനും സാധിച്ചു. ഇതേവഴിക്കുതന്നെ എം.വി. ഗോവിന്ദന്റെ ഭാര്യയെ തളിപ്പറമ്പിൽ നിന്ന് എം.എൽ.എയാക്കാനും മന്ത്രിയാക്കാനുമുള്ള ലക്ഷ്യമാണ് ആകെ പാളിപ്പോയത്. ഇക്കാര്യത്തിൽ ഗോവിന്ദനെ പിന്തുണച്ച പിണറായിയുടെ വിശ്വസ്തനായ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും ചെറിയ നടപടിയെങ്കിലും ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.
തനിക്കും മകൾക്കും ഭർത്താവിനുമെതിരെ വിവിധ അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളെ ചെറുക്കാൻ പാർട്ടിയുടെ പിന്തുണ ഉറപ്പാക്കേണ്ട സാഹചര്യം വന്നതുകൊണ്ടാണ് പിണറായിക്ക് ഗോവിന്ദനെതിരെ കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി തടയാൻ കഴിയാതെ പോയതെന്ന് കരുതാവുന്നതാണ്. ഇക്കാര്യത്തിൽ പാർട്ടിയുടെ പിന്തുണ പിണറായിക്ക് ഉറപ്പുനൽകിക്കൊണ്ട് സംഘടനാകാര്യങ്ങളിൽ കുറച്ചെങ്കിലും പിടിമുറുക്കാനുള്ള എം.എ. ബേബിയുടെ ശ്രമം ഫലം കണ്ടിട്ടുണ്ട്.
പാർട്ടിയിൽ അടുത്തകാലത്ത് അസംതൃപ്തരായ നേതാക്കൾ പാർട്ടിയുടെ കെട്ടുറപ്പിന് പ്രഹരം ഏൽപ്പിക്കുന്ന സാഹചര്യത്തിലാണ് അസംതൃപ്തരുടെ എണ്ണം കുറയ്ക്കാനായി വിവിധ സംഘടനാതലങ്ങളിൽ പലരേയും ഉൾപ്പെടുത്താൻ തീരുമാനമുണ്ടായത്. പി. ജയരാജനും എം.ബി. രാജേഷും ഇപ്പോൾ സെക്രട്ടറിയേറ്റിലുള്ള മറ്റുപലരേക്കാളും മുമ്പേ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തേണ്ടവരായിരുന്നു. എന്നാൽ വി. ശിവൻകുട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. 89 അംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് 9 പേരെക്കൂടി ക്ഷണിതാക്കളായി ഉൾപ്പെടുത്തി. വീണാജോർജ്ജ് മാത്രമായിരുന്നു ക്ഷണിതാവായി ഉണ്ടായിരുന്നത്. കണ്ണൂരിൽ നിന്ന് പി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയതോടെ എ.എൻ. ഷംസീറിനുള്ള വഴി അടയുകയായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് തോമസ് ഐസക്കിനേയും ടി.പി. രാമകൃഷ്ണനേയും ഒഴിവാക്കിയത് പലരേയും അമ്പരപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം വന്നശേഷം ഫല സന്ദർഭങ്ങളിലായി പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകൾ ഡോ. തോമസ് ഐസക്ക് മാധ്യമങ്ങൾക്ക് മുമ്പാകെ പറഞ്ഞത് പിണറായി വിജയനെ അലോസരപ്പെടുത്തിയിരുന്നു. പ്രതിപക്ഷ ഉപനേതാവിനെ താൻ തീരുമാനിക്കും എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞപ്പോൾ സി.പി.ഐയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ കൂടിയായ ടി.പി. രാമകൃഷ്ണൻ പറഞ്ഞത് പിണറായിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നൊഴിവാക്കാൻ മറ്റുകാരണങ്ങളൊന്നും ആർക്കും ചൂണ്ടിക്കാണിക്കാനില്ല.
സംസ്ഥാന സി.പി.എംൽ നേതൃതലത്തിൽ പിണറായി വിജയനെ പിന്തുണക്കുന്നവരും നേതൃതലത്തിൽ മാറ്റം വേണം പുതിയ ഒരു ടീം മുൻനിരയിലെത്തണം എന്ന അഭിപ്രായമുള്ളവരും തമ്മിൽ ചേരിതിരിഞ്ഞിട്ടുണ്ടെന്നാണറിവ്. ഇതിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് നിന്നും ലഭിച്ചിട്ടുള്ള ചെറിയ ഊർജ്ജം അടുത്ത സംസ്ഥാന സമ്മേളനമാകുമ്പോഴേക്ക് എത്രത്തോളം വികാസം പ്രാപിക്കും എന്നാണറിയേണ്ടത്. അപ്പഴും വിമർശകർ ഉന്നയിക്കുന്ന ഒരു ചോദ്യം വർഗ്ഗരാഷ്ട്രീയത്തിന്റെ നേതാക്കളെയും പിന്തുടർച്ചക്കാരെയും പുറകിൽ വന്നേക്കാവുന്ന സകലരേയും തുടർച്ചയായി വെട്ടിനിരത്തി പിണറായി ഫാൻസ് കമ്പനിയായി സി.പി.എംനെ മാറ്റുന്നതിൽ കൂട്ടുചേർന്ന എം.എ. ബേബിക്കും തോമസ് ഐസക്കിനും പാർട്ടിയുടെ അധികാരം പിടിച്ചെടുക്കുന്നതിനപ്പുറം സംഘടനയെ അടിമുടി തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് വിധേയമാക്കാനും തൊഴിലാളി വർഗ്ഗ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കാനും എങ്ങനെ സാധിക്കും എന്നുള്ളതാണ്. സി.പി.എംൽ നവലിബറൽ താൽപ്പര്യങ്ങളെ വിളയിച്ചെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവരാണ് ഇരുവരും.
പ്രതിപക്ഷ നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും വീണാവിജയനും മരുമകനും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ പി.എ. മുഹമ്മദ് റിയാസിനും എതിരേയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നീക്കത്തെ ചെറുക്കാനുള്ള വേദിയായി വിശാല സംസ്ഥാന സമിതിയോഗത്തെ മാറ്റാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കം പൂർണ്ണമായും വിജയിച്ചില്ലെങ്കിലും കോഴിക്കോട് സമ്മേളനത്തിനുശേഷം പാർട്ടിയുടെ ഊർജ്ജം മുഴുവൻ പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരേയുള്ള അന്വേഷണത്തെ ചെറുക്കാനായി ചെലവഴിക്കപ്പെടുന്നു എന്നതാണ് വസ്തുത.
പാർട്ടി കനത്ത തിരിച്ചടി നേരിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ സംഘടനാപരവും രാഷ്ട്രീയവുമായിട്ടാണ് അണികളെ ഉണർത്തേണ്ടതെന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് നേതാക്കളടക്കമുള്ള പാർട്ടി അംഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളുടെ സമഗ്രറിപ്പോർട്ടുമായി വിശാല ജില്ലാകമ്മിറ്റികൾ ചേർന്നുവരികയാണ്.
പി.ബി അംഗങ്ങളായ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരിലൊരാൾ നയിക്കുന്ന നേതൃസംഘം എല്ലാ ജില്ലകളിലും എത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതനീക്കത്തിലൂടെ പാർട്ടിക്ക് വെല്ലുവിളിയായി മാറിയ ജില്ലകളിൽ വിശാല ജില്ലാ സമിതിയിൽ പങ്കെടുക്കുന്ന സംസ്ഥാന സെന്റർ സംഘത്തെ പിണറായി വിജയനാണ് നയിക്കുക. 26 ന് ആലപ്പുഴയിൽ തുടങ്ങിയ ജില്ലാസമ്മേളനങ്ങൾ 19 ന് കണ്ണൂരിൽ സമാപിക്കും.
അണികളെ രാഷ്ട്രീയമായി ഉണർത്താനുള്ള ഏകവിഷയമായി പിണറായിക്കും വീണയ്ക്കും റിയാസിനും എതിരായ അന്വേഷണങ്ങളെ നേരിടുന്ന ദൗത്യം മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
മാസപ്പടിക്കേസിൽ നടക്കുന്ന അന്വേഷണങ്ങൾ തന്നെ ലക്ഷ്യം വയ്ക്കുന്നത് പാർട്ടിയെ തകർക്കാനാണ് എന്നാദ്യം പറഞ്ഞത് പിണറായി വിജയൻ തന്നെയാണ്. തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പലവട്ടം ആവർത്തിച്ച് പിണറായിക്കെതിരെ അന്വേഷണം നടത്തുന്നത് പാർട്ടിയെ തകർക്കാനെന്ന് പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാകട്ടെ സ്വതസിദ്ധമായ ശൈലിയിൽ ഇക്കാര്യം എങ്ങനെയെല്ലാം പറയാമോ അങ്ങനെയെല്ലാം പറഞ്ഞു. അങ്ങനെ സി.പി.എമ്മിൽ മുഴുവൻ നേതാക്കളെക്കൊണ്ടും പിണറായി വിജയൻ അഴിമതി ഒന്നും നടത്തിയിട്ടില്ലെന്നും എല്ലാം ഇ.ഡിയുടെ തിരക്കഥയും കള്ളക്കഥയുമാണെന്നും പറയിപ്പിക്കാൻ സാധിച്ചിടത്താണ് പിണറായി വിജയന്റെ നേട്ടം. പൊതുസമൂഹത്തെ വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അണികളെ വിശ്വസിപ്പിക്കാനും തെരുവിലിറക്കാനും വിഷയത്തെ രാഷ്ട്രീയമായി മാറ്റിയതിലൂടെ സാധിച്ചുവെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ രണ്ട് മക്കൾ ക്രിമിനൽ കേസുകളിൽപ്പെട്ട് വിവാദമായപ്പോൾ പിണറായി വിജയനും പാർട്ടിയും അവരെ പൂർണ്ണമായും തള്ളിപ്പറയുകയാണുണ്ടായത്. ഇവിടെ വീണവിജയൻ മാത്രമാണ് ആദ്യം മാസപ്പടി വാങ്ങി എന്ന ആരോപണത്തിന് വിധേയ ആയത്. എന്നാൽ അത് വീണയും സി.എം.ആർ.എൽ ഉം തമ്മിലുള്ള ബിസിനസ് ഇടപാടാണെന്ന് പറഞ്ഞ് അപ്പോഴും പാർട്ടിയൊന്നാകെ വീണയ്ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു.
ഒരു കമ്പനിയുടെ സാമ്പത്തിക ക്രമക്കേട് എന്ന നിലയിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയ കേസാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സംസ്ഥാന പോലീസിന്റെ അന്വേഷണം നേരിടുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. 3 വർഷത്തിനിടെ 6 കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം. അവരാരും കുറ്റാരോപിതർക്ക് സംശയത്തിന്റെ ആനുകൂല്യം പോലും നൽകിയില്ല.
ആദായനികുതി വകുപ്പ് സി.എം.എൽആർ കമ്പനിയിൽ നടത്തിയ പരിശോധനയിൽ 182 കോടി രൂപയുടെ സാമ്പത്തിക്രമക്കേടുകൾ കണ്ടെത്തിയതാണ് തുടക്കം. കേസ് പിന്നീട് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുന്നിലെത്തി. ബോർഡിന്റെ 2023 ജൂണിലെ ഉത്തരവിലാണ് പിണറായി വിജയന്റെ മകൾ ടി. വീണയുടെയും അവർ ഏക ഡയറക്ടറായ എക്‌സാലോജിക് കമ്പനിയുടെ പങ്കാളിത്തവും പുറത്തുവരുന്നത്.
തുടർന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ബെംഗളുരു, കൊച്ചി യൂണിറ്റുകളുടെ അന്വേഷണം, സി.എം.ആർ.എൽ ൽ നിന്നും വീണയും എക്‌സാലോജിക്കും പണം വാങ്ങിയത് സേവനത്തിന് പ്രതിഫലമായാണെന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഹാജരാക്കിയില്ലെന്നായിരുന്നു കണ്ടെത്തൽ. ഇരുകമ്പനികളും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നും പണമിടപാട് ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കണമെന്നതായിരുന്നു റിപ്പോർട്ട്.
ഇതോടെ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ് കോടതിയെ സമീപിച്ചു. എന്നാൽ കമ്പനികാര്യ വകുപ്പിന് കീഴിലെ ഇൻസ്‌പെക്ടർമാരുടെ പ്രത്യേക അന്വേഷണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. അവർ അന്വേഷണം തുടങ്ങിയപ്പോഴേക്കും കേന്ദ്രത്തിന് എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു.
ഇതിനിടയിൽ ഇ.ഡിയും രംഗത്ത് എത്തി. പ്രാരംഭമായി സി.എം.ആർ.എൽ കമ്പനി പ്രതിനിധികളിൽ നിന്നും മൊഴിയും തെളിവും ശേഖരിച്ചു. ഇ.ഡി, എസ്.എഫ്.ഐ.ഒയുടെ അന്വേഷണം പൂർത്തിയാക്കാൻ കാത്തിരുന്നു. അന്വേഷണം തടയാനുള്ള ലീഗൽ നടപടികളെയെല്ലാം മറികടന്ന് എസ്.എഫ്.ഐ.ഒ അന്വേഷമം പൂർത്തിയാക്കിയെങ്കിലും ഡൽഹി ഹൈക്കോടതിയിൽ സി.എം.ആർ.എൽ നൽകിയ ഹർജിയിലെ തീരുമാനം വൈകിയ കാരണം വിചാരണ തുടങ്ങിയില്ല.
ഇ.ഡി വീണ്ടും അന്വേഷണം ഊർജ്ജിതമാക്കി. വീണയും എക്‌സാലോജിക്കും ചേർന്ന് സി.എം.ആർ.എൽ ൽ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലുണ്ടായിരുന്നതെങ്കിൽ എസ്.എഫ്.ഐ.ഒ റിപ്പോർട്ടിൽ ഇത് 2.78 കോടിയും, ഇ.ഡി റിപ്പോർട്ടിൽ 3.28 കോടിയുമായി മാറി.
ഇ.ഡി തുടർന്ന് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ വീണ വഴി സി.എം.ആർ.എൽ- എക്‌സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കാട്ടിയും അന്വേഷണത്തിന് ശുപാർശ ചെയ്തും അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനൽകുന്നതോടെയാണ് സി.പി.എംന് ഈ വിഷയം കനത്ത ആഘാതമായി മാറുന്നത്.
വീണയുടെ ഭർത്താവായ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ കൈക്കൂലി വാങ്ങാനും ഇത് വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതരമായ ആരോപണം ഇ.ഡിയുടെ കത്തിലുള്ളതും സി.പി.എംനെ വലിയ പ്രതിരോധത്തിലാക്കി. 25 പേജുള്ള കത്താണ് ഇ.ഡി ഡി.ജി.പിക്ക് കൈമാറിയത്. എന്നാൽ ആരോപണങ്ങളെല്ലാം പച്ചക്കള്ളം എന്നുപറഞ്ഞ് പിണറായി വിജയൻ നിഷേധിച്ചതോടെ വീണയുടെ പക്കൽ നിന്നും പിടിച്ചെടുത്ത ബുക്കിൽ വീണയുടെ സ്വന്തം കൈപ്പടയിലെഴുതിയ കത്തും സാക്ഷിമൊഴികളും ഇ.ഡി പുറത്തേക്ക് വിട്ടു.
ദുബായിലുള്ള വി.പി. ഫൈജാസ് എന്നയാൾക്ക് 85 ലക്ഷം രൂപാ അയച്ചതായ കുറിപ്പും ദുബായിലേക്ക് പണം കടത്തിയെന്നുപറയുന്ന വാട്‌സ് ആപ്പ് ചാറ്റുകളും ഇ.ഡി കൈമാറിയിട്ടുണ്ട്. ബുക്കിലെ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും, 20.5 കോടി തുക രേഖപ്പെടുത്തിയിരിക്കുന്നതും വിദേശത്ത് കമ്പനി സ്ഥാപിക്കാനായിരുന്നു പണമിടപാടെന്നും വീണ വെളിപ്പെടുത്തിയതായും ഇ.ഡി കത്തിൽ പറയുന്നുണ്ട്. 2024 ജനുവരി 29, മേയ് 3, ജൂലൈ 2, നവംബർ 28 തീയതികളിൽ ദുബായിൽ കമ്പനി സ്ഥാപിക്കാൻ വീണ നടത്തിയ യാത്രകളെക്കുറിച്ചും, ഇന്ത്യയിൽ നിന്ന് സ്വരൂപിച്ച പണം നിക്ഷേപിക്കുകയായിരുന്നു ദുബായിൽ കമ്പനി സ്ഥാപിക്കാൻ ശ്രമിച്ചതിനുപിന്നിലെ ലക്ഷ്യം എന്നും ഇ.ഡി രേഖകളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. റിയാസിന്റെ സുഹൃത്തുക്കളായ ഫൈജാസ്, നിഖിൽ, വാരീസ്, ഷൈജൽ എന്നിവർ വഴി പണം കൈമാറിയതിന്റെ രേഖകൾ, ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഫോണിൽ പേരിനൊപ്പം ഹവാല എന്നുകൂടി ചേർത്ത് സേവ് ചെയ്തിരിക്കുന്നതിന്റെ സ്‌ക്രീൻഷോട്ട് ഇവയെല്ലാം ഇതിനോടകം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടത് നേതാക്കൾക്കും പാർട്ടിക്കും വലിയ പ്രഹരമാണ് ഉണ്ടാക്കിയത്.
ഇതേക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ പോലീസ് അന്വേഷണം ഒഴിവാക്കാൻ സി.പി.എം നേതാക്കൾ പ്രയോഗിച്ച രാഷ്ട്രീയ തന്ത്രം അന്വേഷണം നടത്തിയാൽ കോൺഗ്രസ്-ബി.ജെ.പി ഡീൽ എന്ന് തങ്ങൾ ആരോപണം ഉന്നയിക്കുമെന്ന ഭീഷണിയാണ്.
എന്നാൽ ഒരു കേന്ദ്ര ഏജൻസി കേന്ദ്രനിയമത്തിലെ വ്യവസ്ഥയനുസരിച്ച് കൈമാറിയ വിവരങ്ങൾ അവഗണിക്കാൻ സാധാരണനിലയ്ക്ക് സംസ്ഥാന പോലീസ് മേധാവിക്കോ സംസ്ഥാന സർക്കാരിനോ കഴിയില്ലെന്നായിരുന്നു നിയമവിദഗ്ദ്ധരുടെയെല്ലാം അഭിപ്രായം. അപ്പോഴും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നേരിട്ട് അന്വേഷണത്തിലേക്ക് കടക്കാതെ പ്രാഥമികാന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടുകയായിരുന്നു. 30 ദിവസത്തിനുള്ളിൽ ഈ അന്വേഷണ സംഘം ലഭ്യമായ തെളിവുകൾ പരിശോധിച്ചു വിലയിരുത്തി ഇ.ഡി ആരോപണത്തിൽ കഴമ്പുണ്ടെന്നുകണ്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കും. കാര്യങ്ങൾ അവിടേക്കുതന്നെയാണ് നീങ്ങുന്നതെന്ന് പിണറായിയും സി.പി.എമ്മും ഭയപ്പെടുന്നു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം കളവാണെന്നും കെട്ടിച്ചമച്ചതാണെന്നും ബി.ജെ.പിയും വി.ഡി. സതീശൻ സർക്കാരും ഒത്തുചേർന്ന് സി.പി.എംനെ തകർക്കാൻ ശ്രമിക്കുകയാണെന്നുമുള്ള അതിശക്തമായ പ്രചാരണവും സമരവുമായി സി.പി.എം രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. അതിലൂടെ ഒരു പരിധിവരെ അണികളെ കൂടെ നിർത്തിയാലും പൊതുസമൂഹത്തെ വിശ്വസിപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല.









