
അനുവാദമില്ലാതെ യുവതിയുടെ വീഡിയോ പകർത്തിയ പൈലറ്റ് അറസ്റ്റിൽ. സ്വകാര്യ എയർലൈൻ പൈലറ്റായ മോഹിത് പ്രിയദർശി(31)യാണ് പിടിയിലായത്. ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ രഹസ്യ സ്പൈ ക്യാമറയും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. . കിഷൻഗഡ് ഗ്രാമവാസിയായ യുവതിയാണ് ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ ലൈൻസ് ഏരിയയിലെ താമസക്കാരനായ മോഹിത് പ്രിയദർശിക്കെതിരെ പരാതി നൽകിയത്.
ഓഗസ്റ്റ് 30-നാണ് യുവതി ഡൽഹിയിലെ സൗത്ത് വെസ്റ്റ് ജില്ലയിലെ കിഷൻഗഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഓഗസ്റ്റ് 30-ന് രാത്രി 10.20-ന് ശനി ബസാറിൽ നിൽക്കുമ്പോൾ ലൈറ്ററിന്റെ രൂപത്തിലുള്ള രഹസ്യ ക്യാമറ ഘടിപ്പിച്ച ഉപകരണം ഉപയോഗിച്ച് തന്റെ അനുവാദമില്ലാതെ ഒരാൾ വീഡിയോകൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതായി പരാതിയിൽ പറയുന്നു.
പോലീസ് ബിഎൻഎസ് വകുപ്പ് 77/78 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയിക്കുന്നയാളുടെ ചിത്രം പൊലിസ് പ്രചരിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയായ മോഹിത് പ്രിയദർശി അവിവാഹിതനാണ്. വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ് ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.











