
മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്
മക്ക: ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കത്തി നാൽപതിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശികളായ 43 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് മദീനയിൽവെച്ച് ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസിന് തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നാണ് വിവരം. രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യൻ സമയം-പുലർച്ചെ 1.30) അപകടം നടന്നത്. മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവർ തീർഥാടകർ മുഴുവൻ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.










