03:02am 24 October 2026
NEWS
തീപിടിത്തത്തിൽ തെളിഞ്ഞ നോട്ടുകൂമ്പാരം; ഉത്തരമില്ലാതെ മുൻ ജഡ്ജി: അന്വേഷണ റിപ്പോർട്ട് ലോക്‌സഭയിൽ, തുടരന്വേഷണത്തിന് സാധ്യത
13/08/2026  08:23 AM IST
പ്രത്യേക ലേഖകൻ
തീപിടിത്തത്തിൽ തെളിഞ്ഞ നോട്ടുകൂമ്പാരം; ഉത്തരമില്ലാതെ മുൻ ജഡ്ജി: അന്വേഷണ റിപ്പോർട്ട് ലോക്‌സഭയിൽ, തുടരന്വേഷണത്തിന് സാധ്യത

ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിലും അല്ലാതെയും കണ്ടെത്തിയ നോട്ടുകൂമ്പാരത്തിന്റെ ഉറവിടം വ്യക്തമാക്കാനാകാതെ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വർമ്മ. സ്പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച നിർണായക അന്വേഷണ റിപ്പോർട്ട് ലോക്‌സഭയിൽ വച്ചതോടെ ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ നിയമപരമായ തുടർനടപടികൾക്കും കേസെടുക്കലിനും വഴിതുറന്നു.
​2025 മാർച്ച് 14-ന് ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തമാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. തീയണയ്ക്കാനെത്തിയ ഫയർ സർവീസ് ഉദ്യോഗസ്ഥരും പോലീസുമാണ് റൂമിൽ 500 രൂപയുടെ കെട്ടുകൾ കണ്ടത്. ഈ ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവാകുകയും ചെയ്തു. എന്നാൽ, അപകടത്തിന് പിന്നാലെ സ്റ്റോർ റൂം സീൽ ചെയ്യാതിരുന്നതോടെ നോട്ടുകൾ നിഗൂഢമായി അപ്രത്യക്ഷമായി. ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി രജീന്ദർ സിംഗ് കർകിയും വീട്ടുജോലിക്കാരൻ മുഹമ്മദ് റാഹിലും ചേർന്ന് സ്റ്റോർ റൂം വൃത്തിയാക്കുന്നത് കണ്ടതായി സാക്ഷികൾ മൊഴി നൽകി. പോലീസ് പണം പിടിച്ചെടുക്കുകയോ എണ്ണി മഹസർ തയ്യാറാക്കുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
​തന്റെ നിയന്ത്രണത്തിലുള്ള വസതിയിൽ ഇത്രയധികം പണം എങ്ങനെ വന്നെന്ന ചോദ്യത്തിന് ഒഴിഞ്ഞുമാറുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടികളാണ് മുൻ ജഡ്ജി നൽകിയത്. ആദ്യം നോട്ടുകെട്ടുകൾ കണ്ടിട്ടില്ലെന്ന് വാദിച്ച അദ്ദേഹം, പിന്നീട് ആരോ തന്നെ കുടുക്കാൻ വെച്ചതാണെന്ന് നിലപാട് മാറ്റി. എന്നാൽ ഇതിനൊന്നും തെളിവ് നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ല. സ്റ്റോർ റൂം വസതിയിൽ നിന്ന് മാറി വേറെ സ്ഥലത്താണെന്ന വാദവും സമിതി തള്ളി.
​സുപ്രീംകോടതി ജഡ്ജിമാരായ അരവിന്ദ് കുമാർ, ശ്രീ ചന്ദ്രശേഖർ, കർണാടകയിലെ മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയത്. ജഡ്ജി നേരിട്ട് പണം മാറ്റിയതിന് തെളിവില്ലെങ്കിലും തെളിവ് സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന് വലിയ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സമിതി വിലയിരുത്തി.
​കഴിഞ്ഞ ഏപ്രിലിൽ യശ്വന്ത് വർമ്മ രാജി വെച്ചതിനാൽ ഇംപീച്ച്‌മെന്റ് നടപടികൾക്ക് പ്രസക്തിയില്ലെങ്കിലും, മൂന്നംഗ സമിതിയുടെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുമോയെന്നതാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img