04:36pm 17 September 2026
NEWS
സർക്കാരിനെ പുലിവാൽ പിടിപ്പിച്ച പ്രാവുകൾ
21/09/2025  07:43 AM IST
പെരുമൺ ഗോപാലകൃഷ്ണൻ, മുംബയ്
സർക്കാരിനെ പുലിവാൽ പിടിപ്പിച്ച പ്രാവുകൾ
HIGHLIGHTS

പ്രാവുപോറ്റുകാരും ആരോഗ്യപ്രവർത്തകരും ഇരുതട്ടിൽ

ഒരു സർക്കാരിനെ പുലിവാലു പിടിപ്പിക്കാൻ സമാധാനപ്രിയരായ പ്രാവുകൾ വിചാരിച്ചാലും നടക്കുമെന്നു തെളിയിക്കുകയാണ് മുംബയ്‌യിലെ സംഭവവികാസങ്ങൾ.പതിനായിരക്കണക്കിന് പ്രാവുകൾക്ക് ധാന്യങ്ങൾ നൽക്കുന്ന കേന്ദ്രങ്ങളാണ് നഗരത്തിലെ കബൂത്തർഖാനകൾ. നഗരത്തിൽ മാത്രമല്ല, നഗരപ്രാന്തങ്ങളിലും കബൂത്തർഖാനകളും തുറന്ന പ്രാവുപോറ്റൽ കേന്ദ്രങ്ങളും ധാരാളം. പ്രാവുകൾ കൂട്ടത്തോടെ വന്ന് ധാന്യങ്ങൾ തിന്നുകയും, ചിറകടിച്ച് പൊടിയും ഫംഗസും പറത്തുകയും, താഴെയും അടുത്തുമുള്ള കെട്ടിടങ്ങളിലും മരങ്ങളിലും ചേക്കേറുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.

നഗരത്തിലെ പ്രമുഖ മേഖലകളിലെല്ലാം ഈ പ്രാവു പോറ്റൽ കേന്ദ്രങ്ങളുണ്ട്. പക്ഷിമൃഗാദികൾക്ക് അന്നം കൊടുത്താൽ പുണ്യം കിട്ടുമെന്ന വിശ്വാസികളുടെ വിശ്വാസമാണ് ഈ ആചാരത്തിനു പിന്നിൽ.
മറാഠികളും മലയാളികൾ അടക്കമുള്ള മറ്റു സംസ്ഥാനീയരിലും ചെറിയ തോതിൽ പ്രാവുപോറ്റൽ സ്വഭാവം ഉണ്ടെങ്കിലും ജയിൻ, ഗുജറാത്തികൾ തുടങ്ങിയ വിഭാഗക്കാരാണ് മുന്നിൽ.

കബൂത്തർഖാനകൾ പരിസരവാസികളിൽ ഗുരുതര ശ്വാസകോശരോഗങ്ങൾ ഉണ്ടാക്കുന്നുവെന്ന വിദഗ്ധരുടെ നിരന്തര പരാതിയെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഈ വർഷം ജൂലൈ മൂന്നിന് നഗരത്തിലെ  കബൂത്തർഖാനകൾ അടച്ചുപൂട്ടാൻ ബൃഹൺ മുംബയ് മുനിസിപ്പൽ കോർപ്പറേഷനോട് (ബിഎംസി) ഉത്തരവിട്ടു. പ്രാവിന്റെ കാഷ്ഠത്തിലുള്ള ഫംഗൽ എലിമെന്റ്‌സ് വായുവിൽ കലരുകയും, ശ്വാസകോശ സംവിധാനത്തെ ആക്രമിക്കുകയും ആസ്ത്മ, അലർജി, ബ്രോംങ്കൈറ്റിസ്, മറ്റു ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു വെന്നാണ് വിദഗ്ധർ പറയുന്നത്. കാഷ്ഠത്തിൽ മാത്രമല്ല, ഇതിന്റെ തൂവലിൽ നിന്നും ഫംഗസ് വായുവിൽ കലർന്ന് ശ്വാസകോശത്തിൽ കടക്കുന്നുണ്ട്.

ബിഎംസിയും ഹൈക്കോടതിയും

സർക്കാർ ഉത്തരവിനെത്തുടർന്ന് അടുത്ത ദിവസം തന്നെ ഇതിന്റെ നീക്കം ആരംഭിച്ച ബിഎംസി പ്രശസ്തവും പരമ്പരാഗതവുമായ ദാദർ കബൂത്തർഖാനയുടെ അനധികൃത നിർമാണ ഭാഗങ്ങൾ ഇടിച്ചുനീക്കുകയും ചെയ്തു.
തുടർന്നു പക്ഷിസ്‌നേഹികളും മൃഗസ്‌നേഹികളും പ്രക്ഷോഭവുമായി രംഗത്തുവന്നു.   മൃഗസ്‌നേഹികളും ജയിൻ ട്രസ്റ്റും ദാദർ കബൂത്തർഖാന ട്രസ്റ്റും ബോംബെ ഹൈക്കോടതിയിൽ പെറ്റീഷനുകൾ ഫയൽചെയ്തു. ആത്മീയവും സാംസ്‌കാരികവുമായ ആചാരങ്ങളുടെ ലംഘനമാണ് നിരോധനമെന്ന്  ജയിനുകളുടെ പെറ്റീഷനിൽ ആരോപിച്ചു. ദിവസവും രണ്ടു നേരമെങ്കിലും പ്രാവുകൾക്ക് തീറ്റകൊടുക്കാൻ അനുവദിക്കണമെന്നും പെറ്റീഷനിൽ അപേക്ഷിച്ചു.
മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനാണ് നിരോധനം ഏർപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി പെറ്റീഷനുകൾ ഹൈക്കോടതി തള്ളിക്കളഞ്ഞു. ഇതിനു ശേഷവും പ്രാവുകൾക്ക് തീറ്റകൊടുക്കുന്നത് തുടർന്നു. ഇതിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ ജൂലൈ 30ന് ഹൈക്കോടതി ബിഎംസിയോട് ആവശ്യപ്പെട്ടു.

പ്രാവുകൾക്ക് അനധികൃതമായി ധാന്യം കൊടുത്ത ധാരാളം പേരിൽ നിന്നു ബിഎംസി പിഴ ഈടാക്കി.  കേസ് രജിസ്റ്റർ ചെയ്തു. കബൂത്തർഖാനകൾ ടാർപ്പാളിൻ കൊണ്ട് മറച്ചു.
ഓഗസ്റ്റ് അഞ്ചിനു ജയിൻ സമുദായാംഗങ്ങളും ദാദർ കബുത്തർഖാന ട്രസ്റ്റും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡൺവീസിനെ സന്ദർശിച്ചു. പ്രാവുകൾക്ക് ധാന്യം കൊടുത്തില്ലെങ്കിൽ അതു ചത്തു പോകുമെന്നും, വല്ലപ്പോഴുമെങ്കിലും അന്നം കൊടുക്കാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു. വേണ്ടതു ചെയ്യാമെന്നു മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ച് യാത്രയാക്കി. മുഖ്യമന്ത്രിക്ക് അതേ കഴിയുമായിരുന്നുള്ളു. വോട്ട് ബാങ്കാണല്ലോ അപേക്ഷയുമായി എത്തിയത്.

അടുത്ത ദിവസം തന്നെ ആയിരത്തിലധികം വരുന്ന ജനസമൂഹം ദാദർ കബൂത്തർഖാനയെ പൊതിഞ്ഞിരുന്ന ടാർപ്പാളിൻ കത്തികൊണ്ടും ബ്ലേഡ് കൊണ്ടും പൊളിച്ചു നീക്കി. ഈ സംഭവത്തിൽ 150 ൽപ്പരം പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഇതിനിടെ, പരാതിക്കാർ സൂപ്രീം കോടതിയെ സമീപിച്ചെങ്കിലും പെറ്റീഷനുകൾ സ്വീകരിക്കാതെ ഹൈക്കോടതിയെ തന്നെ ആശ്രയിക്കാൻ നിർദേശിക്കുകയായിരുന്നു.

തുടർന്ന് വല്ലപ്പോഴുമെങ്കിലും ധാന്യം നൽകാൻ അനുവദിക്കണമെന്നായി ജയിൻ സമൂഹം. ഭാഗികമായി ധാന്യം നൽകൽ അനുവദിക്കുന്നതിനു മുൻപ് ജനങ്ങളുടെ അഭിപ്രായം തേടണമെന്നു ഓഗസ്റ്റ് 13 നു ഹൈക്കോടതി ബിഎംസിയോട് ആവശ്യപ്പെട്ടു.

അന്നുതന്നെ ദാദർ കബൂത്തർഖാനയ്ക്കു സമീപം സംസ്ഥാനത്തെ മറാഠി ഏകീകരൺ സമിതിയിലെ നൂറിൽപ്പരം പേർ,  ജയിനുകളുടെ പ്രതിഷേധത്തിനെതിരെ ശബ്ദമുയർത്തി. സംസ്ഥാനത്തിനു പുറത്തു ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജയിൻ സമുദായമാണ് പ്രാവുപോറ്റൽ നിരോധനത്തെ എതിർക്കുന്നതെന്നു സമിതി ആരോപിച്ചു. ഇനിയുമിവർ പ്രതിഷേധവുമായി ഇറങ്ങിയാൽ ശക്തമായി പ്രതികരിക്കുമെന്നും സമിതി മുന്നറിയിപ്പു നൽകി. സംസ്ഥാനത്തു സ്ഥിരതാമസമാക്കിയ ജയിൻ സമുദായം സമാധാനപ്രിയരാണെന്നും. എന്നാൽ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുവന്ന ജയിനുകളാണ് സൗഹാർദം നശിപ്പിക്കുന്നതെന്നും  സമിതി ആരോപിച്ചു. 
ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നതു മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തിത്. കോടതി ഉത്തരവിനെ ആത്മീയ വിഷയമെന്നു പറഞ്ഞ് നിഷേധിക്കാനാവില്ല. നിരോധനം പിൻവലിച്ചില്ലെങ്കിൽ, ആവശ്യമെങ്കിൽ ആയുധമെടുക്കുമെന്നും ജയിനുകൾ ഭീഷണിപ്പെടുത്തി. ആർക്കെതിരെ യാണിവർ ആയുധം എടുക്കാൻ പോകുന്നതെന്നും സമിതി അംഗങ്ങൾ ശക്തമായ ഭാഷയിൽ ആരാഞ്ഞു.

അതേസമയം, തങ്ങൾ പറഞ്ഞത് തെറ്റായാണ് റിപ്പോർട്ട് ചെയ്തതെന്നു ജയിൻ സമുദായം ന്യായീകരിച്ചു. നിരാഹാര സത്യാഗ്രഹം പോലുള്ള ആയുധങ്ങൾ ഉപയോഗി ക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും ഇവർ പറയുന്നു.

ഇത് രാഷ്ട്രീയം കളിയെന്ന്

കബൂത്തർഖാനകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട മുഖ്യമന്ത്രി പ്ലേറ്റ് തിരിച്ചിട്ടത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ജയിൻ സമൂദായം മുഖ്യമന്ത്രിയെ കണ്ടശേഷം അദ്ദേഹം പറഞ്ഞത്, പരിതസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുന്ന പോലെ  പ്രാവുകളുടെ ജീവിതവും മുഖ്യമെന്നാണ്.
സുപ്രധാനമായ ബിഎംസി തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഈ മനമാറ്റമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. ജയിൻ, ഗുജറാത്തി, മാർവാരി സമുദായങ്ങൾക്ക് ബിഎംസിയുടെ 227 വാർഡുകളിൽ ഏകദേശം 25 വാർഡുകളിൽ ഭൂരിപക്ഷമുണ്ട്. ഈ വാർഡുകളിൽ കഴിഞ്ഞ തവണ ബിജെപി വിജയിക്കുകയും ചെയ്തിരുന്നു. ഇതു നഷ്ടപ്പെടാതിരിക്കാനാണ് ഇപ്പോൾ പ്രാവുകളുടെ ആത്മാവിനെ ന്യായീകരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

റോഡുകളിലെ കബൂത്തർഖാനകളിൽ പ്രാവുപോറ്റൽ ഹൈക്കോടതി  നിരോധിച്ച സാഹചര്യത്തിൽ,  അണ്ടർഗ്രൗണ്ടുകൾ,  ബിൽഡിംഗ് ടെറസ്സ്, പെട്ടെന്നു കണ്ണിൽപ്പെടാത്ത ഇടങ്ങൾ എന്നിവിടങ്ങളിൽ അതിരാവിലെയും രാത്രിയിലും തീറ്റകൊടുക്കുന്ന രീതി ആരംഭിച്ചിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

പ്രാവുകൾ മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾ ചികിൽസിച്ചുമാറ്റാൻ കഴിയില്ലെന്നും, ഈ രോഗംമൂലം ഒട്ടേറെ കൗമാരക്കാർ അകാലത്തിൽ മരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി  ബ്രീത് ഫസ്റ്റ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുജിത് കെ.രാജൻ  ഹൈക്കോടതിക്ക് എഴുതിയിരുന്നു. പ്രാവു പോറ്റൽ കർശനമായി നിരോധിക്കണമെന്നും അദ്ദേഹം കോടതിയോട് ഓഗസ്റ്റ് 7 ന് അപേക്ഷിച്ചിരുന്നു.

മുംബയ്‌യിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണ ത്തോടൊപ്പം ചേരുന്ന പ്രാവ്  ഫംഗസ് നഗരവാസികളുടെ പ്രാണവായുവാണ് കവർന്നെടുക്കുന്നത്. ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ രോഗികൾ ശ്വാസംകിട്ടാതെ പ്രാണൻതല്ലുമ്പോഴാണ് ഒരു കൂട്ടരുടെ പ്രാവുപ്രേമം.
ഒരു വശത്ത് വോട്ട് ബാങ്കും മറുവശത്ത് ശ്വാസം കിട്ടാത്തവരുടെ രോദനവും. പ്രാവുപ്രശ്‌നം എങ്ങനെ പരിഹരിക്കണ മെന്നറിയാതെ നട്ടംതിരിയുകയാണ്  മുഖ്യമന്ത്രിയും സർക്കാരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img