
ആർ എസ് എസ് നേതാവിനെ എൻഎസ്എസിന്റെ പരിപാടിയിൽ നിന്നും ഇറക്കിവിട്ടു. മാള കുഴൂരിൽ 2143-ാം നമ്പർ തിരുമുക്കുളം കരയോഗത്തിലാണ് സംഭവം. അന്താരാഷ്ട്ര യോഗ ദിനത്തിൽ ആർഎസ്എസ് ജില്ലാ പ്രചാരകനെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു. വേദിയിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രവും സ്ഥാപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പരിപാടി കരയോഗം അംഗങ്ങൾ തടയുകയും ആർഎസ്എസ് നേതാവിനെ ഇറക്കിവിടുകയുമായിരുന്നു. ദേശീയ പതാകയേന്തിയ ഭാരാതാംബയുടെ ചിത്രമാണ് വെയ്ക്കണ്ടതെന്നായിരുന്നു പ്രതിഷേധിച്ചവരുടെ ആവശ്യം. കരയോഗത്തെ ആർഎസ്എസിന്റെ ബിജെപിയുടെയും വർഗ്ഗിയ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കരുത് എന്നും ഇവർ നിലപാടെടുത്തു. കരയോഗ കമ്മറ്റി പിരിച്ചു വിടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് തിരുമുക്കുളം കരയോഗാംഗങ്ങൾ ബോർഡ് സ്ഥാപിച്ചു.
ആർഎസ്എസിനും ബിജെപിക്കും തിരുമുക്കുള്ള എൻഎസ്എസിനെ തീറെഴുതിക്കൊടുത്തിട്ടില്ല. ആർഎസ്എസിന്റേയും ബിജെപിയുടേയും രാഷ്ട്രീയ കുടിലത കാണിക്കാനുള്ളതല്ല നായർ സമുദായ സംഘടന. ഇരുവർക്കും വിടുപണി ചെയ്യുന്ന കരയോഗം ഭരണനേതൃത്വം രാജിവെക്കണമെന്നും ബോർഡിൽ പറയുന്നു.











