
അഹമ്മദാബാദ്∙ കോളജിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ പിക്കപ് ക്രെയിൻ ഇടിച്ച് ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സിൽവർ ഓക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായ പ്രേരണ നിനാമ (19) ആണ് മരിച്ചത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോളജിൽനിന്ന് ഏകദേശം 200 മീറ്റർ അകലെയായിരുന്നു അപകടം. റോഡിന്റെ ഇടതുവശത്തുകൂടി നടന്നുപോകുകയായിരുന്ന പ്രേരണയെ പിന്നിൽനിന്ന് എത്തിയ പിക്കപ് ക്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങിയതായി ദൃശ്യങ്ങളിൽ കാണാം.
അപകടത്തിന് പിന്നാലെ ക്രെയിൻ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അരുൺ നിഷാദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ സമീപപ്രദേശത്തുനിന്ന് കണ്ടെത്തിയത്.
അതേസമയം, അപകടത്തിന് പ്രധാന കാരണങ്ങളിലൊന്ന് റോഡിൽ നടപ്പാത ഇല്ലാത്തതാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.










