
കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്‌പെൻഡ് ചെയ്തു. സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വിസി ഡോ:മോഹനൻ കുന്നുമ്മേൽ സസ്പെൻഡ് ചെയ്തത്. ഭാരതാംബ വിവാദത്തെ തുടർന്ന് സെനറ്റ് ഹാളിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയ സംഭവത്തിലാണ് രജിസ്ട്രാർക്കെതിരെ നടപടി എടുത്തത്. പി. ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നൽകിയിട്ടുണ്ട്.
രാജ്ഭവൻ ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. വൈസ് ചാൻസിലർക്കോ ചാൻസിലർക്കോ രജിസ്ട്രാർക്കെതിരേ നടപടിയെടുക്കാമെന്നാണ് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് രജിസ്ട്രാർ ഡോ:കെ.എസ്.അനികുമാറിനെ യൂണിവേഴ്സിറ്റി നിയമ പ്രകാരമുള്ള വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് ഡോ:മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടത്.
കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയുടെ വേദിയിലായിരുന്നു കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത്. ഇത് എസ്എഫ്‌ഐ, കെഎസ്‌യു പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനെതിരേ നടന്ന പ്രതിഷേധത്തെ തുടർന്ന് കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലെ പരിപാടിക്ക് ശേഷം ഗവർണറെ മറ്റൊരു വഴിയിലൂടെയാണ് പോലീസ് പുറത്തെത്തിച്ചത്.
ഗവർണർ ഉദ്ഘാടകനായ പരിപാടി ആരംഭിക്കുന്നതിന് മുന്നേതന്നെ സംഘർഷം രൂപംകൊണ്ടു. ഇതിന് പിന്നാലെ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. യൂണിവേഴ്‌സിറ്റിയിൽ എത്തിയ ആർഎസ്എസ് പ്രവർത്തകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ പരിപാടി റദ്ദാക്കിയതായി കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രഖ്യാപിച്ചെങ്കിലും ഗവർണർ സ്ഥലത്തെത്തി പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.











