10:44pm 01 September 2026
NEWS
വെണ്മണി സെന്റ് മേരീസ് തീർത്ഥാടന ദേവാലയത്തിൽ 'ഫിലോബിബ്ലിക്ക' ക്രൈസ്തവ പൈതൃക പ്രദർശനം ആരംഭിച്ചു
01/09/2026  07:44 PM IST
nila
വെണ്മണി സെന്റ് മേരീസ് തീർത്ഥാടന ദേവാലയത്തിൽ ഫിലോബിബ്ലിക്ക ക്രൈസ്തവ പൈതൃക പ്രദർശനം ആരംഭിച്ചു

വെണ്മണി: വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫിലോ ബിബ്ലിക്ക' ക്രൈസ്തവ പൈതൃക പ്രദർശനം ഗീവർഗീസ് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ റവ. ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള അപൂർവ്വ വസ്തുക്കളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.

പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങൾ

125 ഭാഷകളിലെ ബൈബിളുകൾ, 50-ൽ അധികം ഇംഗ്ലീഷ് വേദപുസ്തക പരിഭാഷകൾ, 10-ലധികം മലയാള പരിഭാഷകൾ.
മലയാളത്തിലെ ആദ്യ വിവർത്തനമായ റമ്പാൻ ബൈബിൾ (കായംകുളം ഫിലിപ്പോസ് റമ്പാൻ), ബ്രെയിലി ബൈബിൾ, ബൈബിൾ കമന്ററികൾ, വിജ്ഞാനകോശങ്ങൾ.
പുരാതന ലിപി-എഴുത്ത് സമ്പ്രദായങ്ങൾ, ഈജിപ്തിലെ പേപ്പരസ് എഴുത്തുകൾ, തുകൽ എഴുത്തുകൾ.
വിവിധ രാജ്യങ്ങളിലെ ഓർത്തഡോക്സ്, കത്തോലിക്, ആംഗ്ലിക്കൻ കുരിശുകൾ, ക്രിസ്തീയ ഐക്കണോഗ്രഫി ചിത്രങ്ങൾ, വിശുദ്ധ കന്യകമറിയാമിന്റെ വിവിധ രാജ്യങ്ങളിലെ ചിത്രീകരണങ്ങൾ.
ഓർത്തഡോക്സ് പ്രാർത്ഥനാചരടുകൾ, വിവിധ സഭകളുടെ ധൂപക്കുട്ടികൾ, പൂജാ പാത്രങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുന്തിരിക്കങ്ങളും സുഗന്ധദ്രവ്യങ്ങളും.
വിശുദ്ധനാട്ടിലെ ജലവും പാറയും മണ്ണും.
ആയിരത്തിലധികം ക്രിസ്മസ്-ഈസ്റ്റർ സ്റ്റാമ്പുകളും ആദ്യദിന കവറുകളും, ഇന്ത്യ പോസ്റ്റ് ക്രിസ്ത്യൻ സ്റ്റാമ്പുകൾ.
ബൈബിൾ നാണയ മാതൃകകൾ, മൺപാത്ര മാതൃകകൾ, യഹൂദ പാരമ്പര്യവസ്തുക്കൾ, ചെപ്പേടുകൾ തുടങ്ങി നിരവധി അപൂർവ്വ ശേഖരങ്ങൾ.
ഇടവക വികാരി റവ. ഫാ. ജാൽസൺ പി. ജോർജ്, റവ. കെ. ജി. ഫിലിപ്പോസ് കോറെപ്പിസ്കോപ്പ, ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്ത്, ഫാ. സോളമൻ ബാബു , ഇടവക ട്രസ്റ്റി കെ ജി യോഹന്നാൻ, സെക്രട്ടറി എ എസ് ജോർജുകുട്ടി,സെന്റ് ജോസഫ് ഫെലോഷിപ്പ് യൂണിറ്റ് സെക്രട്ടറി വി. ജി. ഷാജി, വൈസ് പ്രസിഡന്റ് എം. ഡി. ജോൺ, ട്രഷറർ സി. കെ. ബിജു, ജോയിന്റ് സെക്രട്ടറി സൂസി ജോൺ, കോഓർഡിനേറ്റർ ആൻസി വർഗ്ഗീസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സെപ്റ്റംബർ 1 മുതൽ 6 വരെ നടക്കുന്ന പ്രദർശനം രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകിട്ട് 4 മണി മുതൽ രാത്രി 9:30 വരെയും പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.