01:38am 13 November 2026
NEWS
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി അറസ്റ്റിൽ; എൻഐഎ പിടികൂടിയത് ആയുധപരിശീലന വിഭാഗത്തിന്റെ കോ-ഓർഡിനേറ്ററായിരുന്ന മൊയ്തീൻകുട്ടിയെ
18/02/2026  02:29 PM IST
nila
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി അറസ്റ്റിൽ; എൻഐഎ പിടികൂടിയത് ആയുധപരിശീലന വിഭാഗത്തിന്റെ കോ-ഓർഡിനേറ്ററായിരുന്ന മൊയ്തീൻകുട്ടിയെ

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) തീവ്രവാദക്കേസിൽ ദേശീയ അന്വേഷണ ഏജൻസി ഒരു പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാൾ രാജ്യത്ത് തിരിച്ചെത്തിയതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. പിഎഫ്‌ഐ തീവ്രവാദക്കേസിലെ 70-ാം പ്രതിയാണ് ഇയാൾ.

പിഎഫ്‌ഐയുടെ ആയുധപരിശീലന വിഭാഗത്തിന്റെ കോ-ഓർഡിനേറ്ററായിരുന്നു മൊയ്തീൻകുട്ടിയെന്ന് എൻഐഎ വ്യക്തമാക്കി. സംഘടനയ്‌ക്കെതിരെ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയതിനു പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കപ്പെട്ടിരുന്നു. ഈ നടപടികൾക്ക് ശേഷമാണ് മൊയ്തീൻകുട്ടി രാജ്യം വിട്ടത്.

വിദേശത്തേക്ക് കടന്നതോടെ ഇയാളെ എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും, വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൊയ്തീൻകുട്ടി നാട്ടിലെത്തിയത്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഉടൻ എൻഐഎ സംഘം ഇയാളെ പിടികൂടുകയായിരുന്നു.

അറസ്റ്റിലായ മൊയ്തീൻകുട്ടി മുൻപ് കൈവെട്ട് കേസിലും പ്രതിയാണെന്ന വിവരവും എൻഐഎ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് എൻഐഎ സംഘം കടന്നിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img