
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കൂട്ടി. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയിൽ പെട്രോൾ - ഡീസൽ വില വർധിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ഇറക്കുമതിച്ചെലവ് വർധിച്ചതുമാണ് പെട്രോൾ–ഡീസൽ വില വർധനയ്ക്ക് കാരണമായത്. ലിറ്ററിന് 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് വർധനവ് രേഖപ്പെടുത്തിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം ചെന്നൈയിൽ പെട്രോളിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമായി. ഡൽഹിയിൽ പെട്രോളിന് 97.7 രൂപയും ഡീസലിന് 95.25 രൂപയുമാണ് നിലവിലെ വില.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ഉയരുകയും രൂപയുടെ ഇറക്കുമതി ബാധ്യത കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.










