
കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച സംസ്ഥാന സർക്കാർ നടപടി വിവാദത്തിലേക്ക്. കെ ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും സംസ്ഥാന കാർഷിക ഉൽപ്പാദന കമ്മിഷണറുമായ ഡോ. ബി. അശോക് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. ഐഎംജി ഡയറക്ടർ പദവിയിൽ തുടരുന്ന കെ ജയകുമാറിന് ദേവസ്വം ബോർഡ് പ്രസിഡന്റാകാനാകില്ല എന്നാണ് ബി അശോക് ചൂണ്ടിക്കാട്ടുന്നത്.
സ്വർണക്കവർച്ച കേസിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഐഎംജി ഡയറക്ടർ ആയ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചത്. ഈ തീരുമാനം ഇപ്പോൾ സർക്കാരിന് തന്നെ തിരിച്ചടിയായി മാറുകയാണ്. സർക്കാർ ശമ്പളം പറ്റുന്ന ഉത്തരവാദിത്വത്തിലുള്ള പദവിയിൽ തുടരുന്ന ഒരാൾ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നത് നിയമവിരുദ്ധമാണെന്നാണ് ബി അശോസ് ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, താനൊരു അധിക ചുമതല മാത്രമേ വഹിക്കുന്നുള്ളൂ എന്നാണ് കെ ജയകുമാറിന്റെ നിലപാട്. രണ്ടു പ്രതിഫലം കിട്ടുന്നില്ലെന്നും സർക്കാർ തന്നെ നിയമിച്ചതിനാൽ വിശദീകരണം നൽകുമെന്നും ജയകുമാർ പ്രതികരിച്ചു. ഐഎംജി ഡയറക്ടർ പദവി പകരക്കാരൻ ചുമതലയേൽക്കും വരെ മാത്രമാണെന്നും ഇതിൽ നിയമലംഘനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പശ്ചാത്തലത്തിൽ, ജില്ലാ കോടതി കെ. ജയകുമാറിനോടും ദേവസ്വം സെക്രട്ടറിയോടും ഐഎംജി സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാർക്കുമെതിരെ നോട്ടിസ് അയച്ചു. 2026 ജനുവരി 15-ന് കോടതിയിൽ ഹാജരാകാനാണ് നിർദേശം. ജയകുമാർ ദേവസ്വം ബോർഡ് അംഗമായും പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്ത സമയത്തും ഇപ്പോഴും സർക്കാർ ശമ്പളം ലഭിക്കുന്നുണ്ടെന്ന തെളിവുകളാണ് ഹർജിയിൽ സമർപ്പിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി ഒരു സ്വതന്ത്ര ഭരണസ്ഥാപനത്തിന്റെ തലവനായതിനാൽ ഇത് 'കേവലം അധികച്ചുമതല'യായി കണക്കാക്കാനാവില്ലെന്നതാണ് ഹർജിക്കാരന്റെ പ്രധാന വാദം.
കൂടാതെ, ഐഎംജി ഡയറക്ടറായി തുടരുന്നത് ഐഎഎസ് കേഡർ നിബന്ധനകൾക്കും വിരുദ്ധമാണെന്നും ഇത് നീക്കം ചെയ്യണമെന്നുമുള്ള ഐഎഎസ് അസോസിയേഷന്റെ ഹർജിയിൽ കേന്ദ്രീയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉടൻ വിധി പറയും. ജയകുമാറിന്റെ നിയമനം ദേവസ്വം ബോർഡിന്റെ സ്വയംഭരണാധികാരത്തെ ബാധിക്കുന്നതായും അതിലൂടെ നിയമത്തിലെ 7(iii) വകുപ്പ് ലംഘിക്കപ്പെട്ടതായും ഡോ. അശോക് കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാരനെ പ്രതിനിധീകരിക്കുന്നത് അഡ്വ. ബോറിസ് പോൾ, അഡ്വ. സാജൻ സേവ്യർ എന്നിവരാണ്.











