
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ ആക്രമിച്ചെന്ന പരാതിയില്‍ തുടര്‍ നടപടികള്‍ക്ക് ആരോഗ്യമന്ത്രിയും ഗണ്‍മാനും ഹാജരാകാത്തത് കേസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആരോഗ്യമന്ത്രിയുടെ ഗണ്‍മാന്‍ നല്‍കിയ പരാതിയിലാണ് കണ്ണൂരില്‍ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 25ന് നടന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഗണ്‍മാന്‍ അഭിലാഷാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്. വന്ദേഭാരതില്‍ പോകാന്‍ റെയില്‍വേ സ്‌റ്റേഷിലെത്തിയ മന്ത്രിക്കു നേരെ റെയില്‍വേ സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും കൊല്ലടാ എന്നു ആക്രോശിക്കുകയും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്കു നേരെ ചാടിവീണ് കഴുത്തിന് ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച ഗണ്‍മാനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞുവെക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ തുടര്‍ നടപടികളുടെ ഭാഗമായി പൊലീസി വിളിച്ചെങ്കിലും ഇരുവരും ഹാജരാകാന്‍ തയ്യാറായിരുന്നില്ല.
പൊലീസ് കേസെടുത്തെങ്കിലും വധശ്രമത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ആയുധം ഉപയോഗിച്ചതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും മന്ത്രിക്ക് ആയുധം ഉപയോഗിച്ച് പരുക്കേറ്റതായി കണ്ടെത്താനായില്ലെന്നും പറയുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനകളില്‍ മന്ത്രി സഹകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതോടെ മന്ത്രിക്കു വേണ്ടി പൊലീസില്‍ പരാതി നല്‍കിയ ഗണ്‍മാനാണ് വെട്ടിലായത്.
കെ എസ് യു പ്രവര്‍ത്തകരായ അതുല്‍ എം സി, അക്ഷയ് വി വി, ബിതുല്‍ ബാലന്‍, അഹമ്മദ് യാസീന്‍, മുബാസ് സി എച്ച് എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ ജയിലിലായിരുന്ന കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഇതിനു പിന്നാലെ കണ്ണൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. ടി ഒ മോഹനന്‍ പരാതിക്കാരനേയും സാക്ഷികളേയും വിസ്തരിക്കാനും ആവശ്യമെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും അഭ്യര്‍ഥിച്ചു കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ട് മുമ്പാകെ പരാതി നല്‍കിയതോടെ കേസ് പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.
Photo Courtesy - Google











