
കൊച്ചി: കേരള സർവകലാശാലാ സ്റ്റാൻഡിംഗ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട നിയമയുദ്ധം പുതിയ വഴിത്തിരിവിലേക്ക്. സർവകലാശാലയുടെ മുൻ സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. തോമസ് എബ്രഹാം രാജി സമർപ്പിച്ചതായി കേരള ഹൈക്കോടതിയെ അറിയിച്ചു. അഡ്വ. ഗിരിജ ഗോപാലിനെ പുതിയ സ്റ്റാൻഡിംഗ് കൗൺസിലായി നിയമിച്ച വിസിയുടെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിക്കവെയാണ് ഈ നിർണായക വിവരം പുറത്തുവന്നത്.
2016 മുതൽ സ്റ്റാൻഡിംഗ് കൗൺസിലായിരുന്ന തോമസ് എബ്രഹാമിനെ നീക്കി, 1974-ലെ കേരള യൂണിവേഴ്സിറ്റി ആക്ടിലെ സെക്ഷൻ 10(13) പ്രകാരമുള്ള അടിയന്തര അധികാരം ഉപയോഗിച്ചാണ് വൈസ് ചാൻസലർ പുതിയ നിയമനം നടത്തിയത്. സിൻഡിക്കേറ്റിന്റെ അധികാരം മറികടന്ന് വിസി ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഡോ. മനോജ് ടി.ആർ. ആണ് കോടതിയെ സമീപിച്ചത്. സിൻഡിക്കേറ്റ് യോഗം ചേരാത്ത സാഹചര്യത്തിലും അടിയന്തര ഘട്ടങ്ങളിലും മാത്രമേ വിസിക്ക് ഈ അധികാരം ഉപയോഗിക്കാൻ കഴിയൂ എന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
എന്നാൽ, തോമസ് എബ്രഹാം ഇതിനകം തന്നെ രാജി സമർപ്പിച്ചതിനാൽ ഹർജിയിലെ ആവശ്യങ്ങൾ ഇനി പ്രസക്തമല്ലെന്നും കേസ് വെറും 'അക്കാദമിക്' മാത്രമായി മാറിയെന്നും സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ അഡ്വ. നിഷ ജോർജ് കോടതിയെ ബോധിപ്പിച്ചു.
എന്നാൽ ഈ ഘട്ടത്തിൽ കേസ് അവസാനിപ്പിക്കാൻ ഹൈക്കോടതി തയ്യാറായില്ല. തോമസ് എബ്രഹാമിന്റെ രാജിക്കത്ത് ഇതുവരെ കോടതി റെക്കോർഡുകളുടെ ഭാഗമായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, നിലപാട് കടുപ്പിച്ചു കൊണ്ട് കേസ് കൂടുതൽ പരിശോധനകൾക്കായി ജൂലൈ 17-ലേക്ക് മാറ്റി വെച്ചു. ഹർജിക്കാരന് വേണ്ടി സീനിയർ അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം, അഡ്വക്കേറ്റ്സ് ആസിഫ് എം.എ, ഗൗതം എച്ച്. എന്നിവരാണ് കോടതിയിൽ ഹാജരായത്.










