
ഇറാനെതിരായ സൈനിക നടപടിയെ ശക്തമായി ന്യായീകരിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി. അമേരിക്കൻ കോൺഗ്രസ് മുൻപാകെ നടത്തിയ ഹിയറിംഗിലാണ് പീറ്റ് ഹെഗ്സെത്തും പെന്റഗൺ നേതൃത്വവും ഇറാൻ യുദ്ധത്തിലെ അമേരിക്കയുടെ നിലപാട് വിശദീകരിച്ചത്. ഇറാൻ യുദ്ധത്തിന്റെ ആവശ്യകതയും ലക്ഷ്യവും സംബന്ധിച്ച് അംഗങ്ങൾ ഉയർത്തിയ കടുത്ത ചോദ്യങ്ങൾക്കിടയിലും, നടപടി അനിവാര്യമാണെന്ന നിലപാടിൽ പീറ്റ് ഹെഗ്സെത്ത് ഉറച്ചു നിന്നു.
ഹിയറിംഗിനിടെ ഡെമോക്രാറ്റിക് അംഗങ്ങളും ചില റിപ്പബ്ലിക്കൻ അംഗങ്ങളും യുദ്ധത്തിന്റെ ഉദ്ദേശ്യവും ദൈർഘ്യവും ചോദ്യം ചെയ്തു. ഇതിന് മറുപടിയായി, അമേരിക്കയുടെ ഏറ്റവും വലിയ വെല്ലുവിളി പുറത്തുനിന്നല്ല, ആഭ്യന്തര രാഷ്ട്രീയ വിരോധികളിൽ നിന്നാണെന്ന് ഹെഗ്സെത്ത് ആരോപിച്ചു. ക്യാപിറ്റോൾ മന്ദിരത്തിന് പുറത്ത് അദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങളും അരങ്ങേറി.
ഇറാനുമായുള്ള സംഘർഷം അമേരിക്കയെ “ചതുപ്പിലാഴ്ത്തുന്ന” വിയറ്റ്നാം മാതൃകയിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറിച്ച്, ഇറാന്റെ ആണവ ആയുധ അഭിലാഷങ്ങളും പ്രാദേശിക അസ്ഥിരതയും ചെറുക്കുന്നതിനാണ് ഈ സൈനിക നീക്കം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഭരണകൂടങ്ങളുടെ മൃദുസമീപനമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഹെഗ്സെത്ത് വിമർശിച്ചു.
യുദ്ധത്തിന് വ്യക്തമായ സമയപരിധിയോ എക്സിറ്റ് പ്ലാനോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും, ലക്ഷ്യം കൈവരിക്കുന്നതുവരെ അമേരിക്ക പിന്മാറില്ലെന്ന് ആവർത്തിച്ചു. സൈനിക നീക്കങ്ങൾ കൃത്യമായ ആസൂത്രണത്തോടെയാണെന്നും അത് അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സൈനികമായി ദുർബലമാണെന്ന് പെന്റഗൺ നേതൃത്വം യുഎസ് കോൺഗ്രസിനെ അറിയിച്ചു. ഇതുവരെ യുദ്ധച്ചിലവായി 25 ബില്യൺ ഡോളർ ചെലവഴിച്ചതായും 14 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും പെന്റഗൺ അറിയിച്ചു.











