02:00pm 28 October 2026
NEWS
ഇറാൻ യുദ്ധം വിയറ്റ്നാം മോഡൽ കെണിയായി മാറില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി
30/04/2026  06:09 AM IST
nila
ഇറാൻ യുദ്ധം വിയറ്റ്നാം മോഡൽ കെണിയായി മാറില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി

ഇറാനെതിരായ സൈനിക നടപടിയെ ശക്തമായി ന്യായീകരിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി. അമേരിക്കൻ കോൺ​ഗ്രസ് മുൻപാകെ നടത്തിയ ഹിയറിംഗിലാണ് പീറ്റ് ഹെഗ്‌സെത്തും പെന്റഗൺ നേതൃത്വവും ഇറാൻ യുദ്ധത്തിലെ അമേരിക്കയുടെ നിലപാട് വിശദീകരിച്ചത്. ഇറാൻ യുദ്ധത്തിന്റെ ആവശ്യകതയും ലക്ഷ്യവും സംബന്ധിച്ച് അംഗങ്ങൾ ഉയർത്തിയ കടുത്ത ചോദ്യങ്ങൾക്കിടയിലും, നടപടി അനിവാര്യമാണെന്ന നിലപാടിൽ പീറ്റ് ഹെഗ്‌സെത്ത് ഉറച്ചു നിന്നു.

ഹിയറിംഗിനിടെ ഡെമോക്രാറ്റിക് അംഗങ്ങളും ചില റിപ്പബ്ലിക്കൻ അംഗങ്ങളും യുദ്ധത്തിന്റെ ഉദ്ദേശ്യവും ദൈർഘ്യവും ചോദ്യം ചെയ്തു. ഇതിന് മറുപടിയായി, അമേരിക്കയുടെ ഏറ്റവും വലിയ വെല്ലുവിളി പുറത്തുനിന്നല്ല, ആഭ്യന്തര രാഷ്ട്രീയ വിരോധികളിൽ നിന്നാണെന്ന് ഹെഗ്‌സെത്ത് ആരോപിച്ചു. ക്യാപിറ്റോൾ മന്ദിരത്തിന് പുറത്ത് അദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങളും അരങ്ങേറി.

ഇറാനുമായുള്ള സംഘർഷം അമേരിക്കയെ “ചതുപ്പിലാഴ്ത്തുന്ന” വിയറ്റ്നാം മാതൃകയിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറിച്ച്, ഇറാന്റെ ആണവ ആയുധ അഭിലാഷങ്ങളും പ്രാദേശിക അസ്ഥിരതയും ചെറുക്കുന്നതിനാണ് ഈ സൈനിക നീക്കം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഭരണകൂടങ്ങളുടെ മൃദുസമീപനമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഹെഗ്‌സെത്ത് വിമർശിച്ചു.

യുദ്ധത്തിന് വ്യക്തമായ സമയപരിധിയോ എക്സിറ്റ് പ്ലാനോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും, ലക്ഷ്യം കൈവരിക്കുന്നതുവരെ അമേരിക്ക പിന്മാറില്ലെന്ന് ആവർത്തിച്ചു. സൈനിക നീക്കങ്ങൾ കൃത്യമായ ആസൂത്രണത്തോടെയാണെന്നും അത് അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഇറാൻ സൈനികമായി ദുർബലമാണെന്ന് പെന്റ​ഗൺ നേതൃത്വം യുഎസ് കോൺ​ഗ്രസിനെ അറിയിച്ചു. ഇതുവരെ യുദ്ധച്ചിലവായി 25 ബില്യൺ ഡോളർ ചെലവഴിച്ചതായും 14 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും പെന്റഗൺ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img