11:03am 12 November 2026
NEWS
പെരുന്നയുടെ ശ്രീവള്ളി ചരിഞ്ഞു
12/11/2026  09:33 AM IST
nila
പെരുന്നയുടെ ശ്രീവള്ളി ചരിഞ്ഞു

ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ആനയായ പെരുന്ന ശ്രീവള്ളി ചരിഞ്ഞു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളിലും നാടിന്റെ ആഘോഷങ്ങളിലും പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിരുന്ന ശ്രീവള്ളിയുടെ വിയോഗം ഭക്തരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

1976 ഒക്ടോബർ 28-ന് സ്കന്ദഷഷ്ഠി ദിനത്തിലാണ് ശ്രീവള്ളിയെ പെരുന്ന ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. മുരുകഭക്തനായ പുഴവാത് ചിറയിൽ വീട്ടിൽ കമലാസനനായിരുന്നു ആനയെ വഴിപാടായി സമർപ്പിച്ചത്. കോന്നി ആനക്കൂട്ടിൽ നടന്ന ലേലത്തിൽ 20,000 രൂപയ്ക്ക് വാങ്ങിയ വള്ളിയെ അന്നാണ് പെരുന്നയിലെത്തിച്ചത്.

നാട്ടുകാരുടെയും ക്ഷേത്രഭക്തരുടെയും പ്രത്യേക സ്നേഹവും കരുതലും ഏറ്റുവാങ്ങിയാണ് ശ്രീവള്ളി വളർന്നത്. കാലക്രമേണ പ്രദേശവാസികൾക്ക് ആന വെറുമൊരു ക്ഷേത്രസ്വത്തല്ലാതായി. സ്നേഹപൂർവം 'വള്ളിയമ്മ' എന്ന് വിളിച്ചാണ് എല്ലാവരും ശ്രീവള്ളിയെ ചേർത്തുപിടിച്ചത്.

പെരുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാം ദിവസത്തെ തിടമ്പേറ്റൽ ശ്രീവള്ളിയുടെ മാത്രം അവകാശമായിരുന്നു. മറ്റ് എത്ര ഗജവീരന്മാർ അണിനിരന്നാലും സുബ്രഹ്‌മണ്യസ്വാമിയുടെ തിടമ്പേറ്റാൻ ശ്രീവള്ളിയെ തന്നെയാണ് നിയോഗിച്ചിരുന്നത്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും ശ്രീവള്ളി സാന്നിധ്യമറിയിച്ചിരുന്നു.

ക്ഷേത്രത്തിന്റെയും നാടിന്റെയും അഭിമാനമായി മാറിയ ആനയെ 'ഷൺമുഖപ്രിയ ഗജറാണി' എന്ന വിശേഷണവും നൽകി ദേവസ്വവും നാട്ടുകാരും ആദരിച്ചിരുന്നു.

ശ്രീവള്ളിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചശേഷം വനംവകുപ്പിന്റെയും ദേവസ്വത്തിന്റെയും നിർദേശപ്രകാരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img