
പെരുമ്പാവൂർ: കഞ്ചാവ് വിൽപ്പനക്കാരെന്നാരോപിച്ച് മൂന്ന് യുവാക്കളെ നടുറോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും തല മൊട്ടയടിച്ച് അപമാനിക്കുകയും ചെയ്തതായി പരാതി. തുടർന്ന് ഒരു മുറിയിൽ പൂട്ടിയിട്ട് വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷവും മർദനം തുടർന്നെന്നാണ് ആരോപണം. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം. മഞ്ഞപ്പെട്ടി നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവരാണ് ആക്രമണത്തിനിരകളായത്. ബന്ധുക്കൾക്കൊപ്പമാണ് ഇവർ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
കണ്ടന്തറയിലെ ഒരു സോഡാ ഫാക്ടറിയിൽ ജോലിക്കായി എത്തിയതാണെന്ന് യുവാക്കൾ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയതിനെ തുടർന്ന് ഫാക്ടറിയിലെ സൂപ്പർവൈസറുടെ നിർദേശപ്രകാരമാണ് തങ്ങൾ എത്തിയത്. ഫാക്ടറിയുടെ മുന്നിലെത്തിയ ഉടൻ ഒരു സംഘം ബൈക്കിന്റെ താക്കോൽ പിടിച്ചെടുക്കുകയും "കഞ്ചാവ് വിൽപ്പനക്കാരല്ലേ" എന്ന് ആരോപിച്ച് മർദനം ആരംഭിക്കുകയുമായിരുന്നുവെന്നാണ് പരാതി.
തങ്ങൾ കുറ്റാരോപണം നിഷേധിച്ചെങ്കിലും മർദനം അവസാനിച്ചില്ലെന്നും, പോലീസിനെയോ ബന്ധുക്കളെയോ വിളിക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതായും യുവാക്കൾ പറയുന്നു. സംഭവസമയത്ത് ഫാക്ടറി ഉടമ സ്ഥലത്തുണ്ടായിരുന്നില്ല.
തുടർന്ന് നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മൊട്ടയടിക്കുകയും, ഫാക്ടറിയിലെ ഇതരസംസ്ഥാനക്കാരനായ സൂപ്പർവൈസറെ മാറ്റിനിർത്തിയ ശേഷം സമീപത്തെ മുറിയിൽ പൂട്ടിയിട്ട് വസ്ത്രങ്ങൾ അഴിപ്പിച്ച് വീണ്ടും മർദിച്ചതായും പരാതിയിൽ പറയുന്നു. ഒടുവിൽ സ്ഥലത്ത് നിന്ന് ഓടിച്ചുവിട്ടതായും യുവാക്കൾ ആരോപിച്ചു.
സംഭവത്തിന് ശേഷം ബന്ധുക്കളെ വിവരമറിയിച്ച് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. മർദനത്തിന്റെയും തല മൊട്ടയടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.









