11:19pm 12 November 2026
NEWS
​പെരുമ്പടവത്തിന്റെ 'സങ്കീർത്തനം' പോലെ ഒരു 88-ാം ജന്മദിനം: അക്ഷരപുണ്യത്തിന് പ്രണാമം
11/02/2026  03:58 PM IST
സുരേഷ് വണ്ടന്നൂർ
​പെരുമ്പടവത്തിന്റെ സങ്കീർത്തനം പോലെ ഒരു 88-ാം ജന്മദിനം: അക്ഷരപുണ്യത്തിന് പ്രണാമം

മലയാള സാഹിത്യത്തിലെ ആത്മീയ സൗരഭ്യത്തിന് ഇന്ന് 88 വയസ്സ്. ദൈവത്തിന്റെ കൈയ്യൊപ്പുള്ള എഴുത്തുകാരൻ എന്ന് വിശേഷിക്കപ്പെടുന്ന പെരുമ്പടവം ശ്രീധരൻ, തന്റെ 88-ാം ഉദയാസ്തമനങ്ങളെ അങ്ങേയറ്റം വിനയത്തോടെയും കൃതജ്ഞതയോടെയുമാണ് നോക്കിക്കാണുന്നത്. തിരുവനന്തപുരത്തെ അരനൂറ്റാണ്ട് നീണ്ട വാസത്തിന് വിരാമമിട്ട്, തന്റെ വേരുകൾ തേടി മൂവാറ്റുപുഴയ്ക്കടുത്തുള്ള 'പെരുമ്പടവം' എന്ന സ്വന്തം ഗ്രാമത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നു.

​ലോകം കേട്ട മലയാളി ശബ്ദം:

​ലോകസാഹിത്യ ഭൂപടത്തിൽ മലയാളത്തിന്റെ മേൽവിലാസമായി മാറിയ കൃതിയാണ് 'ഒരു സങ്കീർത്തനം പോലെ'. ദസ്തയേവ്‌സ്കിയുടെ ജീവിതം ഇതിവൃത്തമായ ഈ നോവൽ റഷ്യൻ ഭാഷയുൾപ്പെടെ ഒട്ടനവധി വിദേശ-ഭാരതീയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. മലയാളത്തിൽ മാത്രം 132-ാം പതിപ്പിലെത്തി നിൽക്കുന്ന ഈ കൃതി ഒരു വിസ്മയമായി ഇന്നും തുടരുന്നു. അഭയം, അഷ്ടപതി, സർപ്പക്കാവ് തുടങ്ങി എഴുപതിലധികം കൃതികളിലൂടെ മലയാളിയുടെ വായനാലോകത്തെ അദ്ദേഹം ധന്യമാക്കി.
​ഗ്രാമത്തിന്റെ മടിത്തട്ടിലെ വിശ്രമജീവിതം
​വാർധക്യസഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും മകൾ അല്ലിയുടെയും മരുമകൻ ടൈറ്റസ് അബ്രാഹാമിന്റെയും സ്നേഹത്തണലിൽ പെരുമ്പടവം സന്തോഷവാനാണ്.

​രുചിക്കൂട്ടുകൾ: 

കായൽ മീനുകളോടുള്ള പ്രിയവും, വൈകുന്നേരങ്ങളിൽ നെയ്യപ്പവും പഴംപൊരിയും കഴിക്കുന്ന ലാളിത്യവും അദ്ദേഹത്തിലുണ്ട്. തമലത്തെ വീട്ടിൽ അതിഥികൾക്കായി സ്വയം പാചകം ചെയ്തിരുന്ന ആ പഴയ 'സാംബാറിലെയും അവിയലിലെയും' കൈപ്പുണ്യം ഇന്നും സുഹൃത്തുക്കളുടെ ഓർമ്മയിലുണ്ട്.

​നിഷ്കളങ്കത:

താരജാഡകളൊന്നുമില്ലാതെ സ്വന്തം ഗ്രാമത്തിലെ ഒരു സാധാരണക്കാരനായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. "എന്നെ ദ്രോഹിച്ചവരെപ്പോലും സ്നേഹിക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂ" എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു വലിയ ദർശനം ഒളിഞ്ഞുനിൽക്കുന്നു.

​പൂർത്തിയാകാത്ത സുവർണ്ണ സ്വപ്നം:

 'അവനി വാഴ് വ് കിനാവ്'
​എഴുത്തിന്റെ ലോകത്ത് നിന്ന് അദ്ദേഹം ഇന്നും വിരമിച്ചിട്ടില്ല. മലയാള കവിതയുടെ സുവർണ്ണ കൈലാസമായ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി 'അവനി വാഴ് വ് കിനാവ്' എന്ന നോവലിന്റെ പണിപ്പുരയിലാണദ്ദേഹം. ഏകദേശം 150 അധ്യായങ്ങളുള്ള ഈ കൃതിയുടെ അവസാന മിനുക്കുപണികളിലാണ് ഈ സാഹിത്യകുലപതി.
​"ആശാൻ മലയാള കവിതയുടെ സുവർണ്ണ കൈലാസമാണ്... ഒരു സത്യം കണ്ടെത്തിയാൽ ആ യാത്ഥാർഥ്യം വിളിച്ചു പറയാം" - പെരുമ്പടവം.
​അക്ഷരങ്ങളെ പ്രണയിച്ച, സ്നേഹത്തെ മാത്രം ആയുധമാക്കിയ പെരുമ്പടവം ശ്രീധരന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. അസ്തമയ സൂര്യന്റെ പൊൻപ്രഭ പോലെ അദ്ദേഹം മലയാള സാഹിത്യത്തെ ഇനിയും പ്രകാശിപ്പിക്കട്ടെ.

​പ്രിയ പെരുമ്പടവത്തിന് "കേരളശബ്ദ"ത്തിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img