
ദോഹ: വിദേശങ്ങളിൽ നിന്നും വ്യക്തിഗത ആവശ്യങ്ങൾക്കായി വിമാനമാർഗ്ഗം സാധനങ്ങൾ എത്തിക്കുന്നവർക്ക് ഇനി കാത്തിരിപ്പിന്റെ വേഗത കുറയും. വ്യക്തിഗത ഇറക്കുമതികളുടെ (Personal Imports) കസ്റ്റംസ് ക്ലിയറൻസ് നടപടികൾ ലഘൂകരിക്കുന്നതിനായി ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസും ഖത്തർ ഏവിയേഷൻ സർവീസസും (QAS) ചരിത്രപരമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ലോജിസ്റ്റിക്സ് മേഖലയിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ വേഗത്തിലാക്കാനുമാണ് ഈ പുതിയ നീക്കം.വിമാനത്താവളങ്ങളിൽ എത്തുന്ന വ്യക്തിഗത പാഴ്സലുകൾ കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ ഉപഭോക്താക്കളിലേക്ക് എത്തും.ഇരു സ്ഥാപനങ്ങളും തമ്മിലുള്ള വിവര കൈമാറ്റം ഇലക്ട്രോണിക് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ ക്ലിയറൻസ് പ്രക്രിയ കൂടുതൽ സുതാര്യമാകും.സേവന നിരക്കുകളിൽ സുതാര്യത ഉറപ്പാക്കുമെന്നും ആരോഗ്യകരമായ മത്സരം നിലനിർത്തുമെന്നും കരാർ വ്യക്തമാക്കുന്നു.
കസ്റ്റംസ് അതോറിറ്റി അസിസ്റ്റന്റ് പ്രസിഡന്റ് അഹമ്മദ് യൂസഫ് അൽ സഹലും ഖത്തർ ഏവിയേഷൻ സർവീസസ് എയർ കാർഗോ മേധാവി മാർക്ക് ആന്തണി ഡ്രഷുമാണ് കരാറിൽ ഒപ്പുവെച്ചത്. രാജ്യത്തെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനും ഈ പങ്കാളിത്തം വലിയ സഹായമാകുമെന്ന് അധികൃതർ പ്രതികരിച്ചു.
പുതിയ മാറ്റം നടപ്പിലാക്കുന്നതോടെ ഖത്തറിലെ ഇ-കൊമേഴ്സ് മേഖലയ്ക്കും വ്യക്തിഗത ഷിപ്പിംഗ് സേവനങ്ങൾക്കും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.










