05:02am 09 November 2026
NEWS
‘ലഹരിക്കേസിലെ പ്രതി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ’; ഗുരുതര ആരോപണങ്ങളുമായി എം.വി. ഗോവിന്ദൻ
11/08/2026  07:08 PM IST
nila
‘ലഹരിക്കേസിലെ പ്രതി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ’; ഗുരുതര ആരോപണങ്ങളുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ലഹരിക്കേസിൽ അറസ്റ്റിലായ വ്യക്തി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവം ഗൗരവമുള്ളതാണെന്നും പ്രതിയുടെ യഥാർഥ വ്യക്തിത്വം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അറസ്റ്റ് ചെയ്യുമായിരുന്നില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. അറസ്റ്റിലായവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്ഥിരമായി എത്തിയിരുന്നവരാണെന്നും ഗോവിന്ദൻ ആരോപിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടവർ തന്നെ ലഹരിക്കടത്തിന് നേതൃത്വം നൽകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ നീക്കം ചെയ്യുന്നതിനായി മെറ്റയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടലിൽ കാണാതാകുന്നവരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കാൻ ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയത് ഇപ്പോഴാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദവും എം.വി. ഗോവിന്ദൻ തള്ളി. ഓഖി ദുരന്തകാലത്ത് നിയമം മറികടന്നാണ് ധനസഹായം വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും റീചാർജ് സൗകര്യവും അടിയന്തരമായി നൽകണം. രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകി പിന്നീട് പിരിച്ചുവിട്ട 200ഓളം പേരെ തിരിച്ചെടുക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. കടലിലെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന ആംബുലൻസ് സംവിധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുപുഴയിൽ രാജേഷ് മരിച്ച സംഭവവും അദ്ദേഹം പരാമർശിച്ചു. സ്വന്തം റിസ്കിൽ വേണം രക്ഷാപ്രവർത്തനം നടത്താനെന്ന് ഒരു മന്ത്രി പറയുമോയെന്നും ഗോവിന്ദൻ ചോദിച്ചു.

ടിജെ മോഹൻദാസ് കേസിലും പൊലീസിനെതിരെ വിമർശനം

ക്രൂരമായ പരസ്യപ്രതികരണം നടത്തിയയാളാണ് ടിജെ മോഹൻദാസെന്നും സംഭവത്തിൽ 10 ദിവസം കഴിഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ സഹായം പൊലീസും പ്രോസിക്യൂഷനും നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു.ഡോക്ടർ റാമിന്റെ കേസിലും പൊലീസിന്റെ സമീപനം സമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം രണ്ട് ചരണം മാത്രമേ പാടാവൂ എന്ന നിലപാടാണ് ഇടതുപക്ഷ ശക്തികൾ സ്വീകരിക്കുന്നതെന്നും ബാക്കിയുള്ള ചരണങ്ങൾ പാടാൻ അവർ അനുവദിക്കില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

‘അധികാരം കിട്ടിയതുമുതൽ തലങ്ങും വിലങ്ങും സ്ഥലംമാറ്റം’

സർക്കാർ അധികാരത്തിലെത്തിയതുമുതൽ ഉദ്യോഗസ്ഥരെ വ്യാപകമായി സ്ഥലംമാറ്റുകയാണെന്നും ഗോവിന്ദൻ വിമർശിച്ചു. ‘കാത്തിരുന്നോ, സ്ഥലം മാറ്റിക്കളയും’ എന്ന രീതിയിൽ മുഖ്യമന്ത്രി തന്നെ പറയുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ അഹന്ത ഉദ്യോഗസ്ഥരിലേക്കും വ്യാപിച്ചുവെന്നും അതിന്റെ ഭാഗമായി ആത്മഹത്യകൾ പോലും ഉണ്ടായിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. കാസർകോട് കളക്ടറേറ്റിലുണ്ടായ ആത്മഹത്യയും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img