
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്താൻ കോടതിയുടെ അനുമതി. കൊല്ലം വിജിലൻസ് കോടതിയാണ് ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയത്. ഇഡി അന്വേഷണം ആവശ്യമില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നിലപാട് കോടതി തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.
കേസിന്റെ എഫ്‌ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടേയും മറ്റ് ബന്ധപ്പെട്ടവരുടേയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ എന്നിവയുടെ പകർപ്പുകൾ നൽകണമെന്നാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. വിവരങ്ങൾ കൈമാറുന്നതിൽ തടസ്സമില്ലെന്നും, എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമായിരിക്കണം ഇഡി അന്വേഷണം നടക്കേണ്ടതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇഡി സമാന്തര അന്വേഷണം നടത്തുന്നത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ ആശങ്ക അറിയിച്ചിരുന്നു. എങ്കിലും ഈ വാദങ്ങൾ തള്ളിയാണ് കോടതി ഇഡി അന്വേഷണത്തിന് വഴിയൊരുക്കിയത്.











