
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സി.പി.എം. നേതാവും ഉദുമ മുൻ എം.എൽ.എ.യുമായ കെ.വി. കുഞ്ഞിരാമൻ, കെ.മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെ.വിഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അഞ്ചുവർഷം തടവിനാണ് സിബിഐ കോടതി ഇവരെ ശിക്ഷിച്ചിരുന്നത്.
നാലുപേരും സിപിഎം നേതാക്കളാണ്. പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ശിക്ഷാവിധി കോടതി സ്റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെയുള്ള നാല് സിപിഎം നേതാക്കൾക്ക് ഇന്ന് തന്നെ ജയിൽമോചിതരാകാം.
ഇവരുടെ അപ്പീൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഹർജിയിൽ തുടർവാദം. അതേസമയം, ഇവർക്കൊപ്പം കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള പത്തുപേരുടെ അപ്പീൽ ഹർജി ഹൈക്കോടതിയുടെ മുൻപാകെ എത്തിയിട്ടില്ല.











