
തിരുവനന്തപുരം: ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. ഇടതു സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്നതു കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും തരൂർ മുന്നറിയിപ്പ് നൽകി. ബി.ജെ.പിക്ക് കേരളത്തിൽ വിജയസാധ്യത കുറവാണെന്നും, അങ്ങനെയൊരു സാഹചര്യത്തിൽ അവർക്ക് എന്ത് മാറ്റമാണ് കൊണ്ടുവരാനാകുകയെന്നും തരൂർ ചോദിച്ചു. കേന്ദ്രത്തിൽ അധികാരം ഉള്ളതിന്റെ ബലം ഉപയോഗിച്ച് വലിയ പ്രചാരണങ്ങൾ നടത്താമെങ്കിലും അത് കേരളത്തിൽ ഫലം കാണില്ലെന്നും അദ്ദേഹം വിലയിരുത്തി. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായി ഉയർന്നുവരുന്നുവെന്നും, യുവജനങ്ങൾ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് യു.ഡി.എഫിനൊപ്പം എത്തുന്നതായും തരൂർ പറഞ്ഞു. എൽ.ഡി.എഫ് അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുകൾ ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടങ്ങളോട് താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി പ്രധാന പദ്ധതികളിൽ എൽ.ഡി.എഫിന് നേട്ടം അവകാശപ്പെടാനില്ലെന്നും തരൂർ പറഞ്ഞു. വികസനം ആരാണ് നടത്തിയതെന്നതിനെക്കാൾ ജനങ്ങൾക്ക് ഗുണം ലഭിക്കുന്നതാണു പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേൾഡ് സ്റ്റാർട്ടപ്പ് റിപ്പോർട്ടുമായി ബന്ധപ്പെട്ടും സർക്കാർ കണക്കുകൾ മാത്രമാണ് മുന്നോട്ടുവച്ചതെന്ന തിരിച്ചറിവിനെ തുടർന്ന് മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്നും തരൂർ പറഞ്ഞു. വികസന വിഷയങ്ങളിൽ ഇടത് പാർട്ടികൾ സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും, ഇപ്പോൾ നടപ്പാക്കുന്ന പല പദ്ധതികളും അവർ പ്രതിപക്ഷത്തിലിരുന്നപ്പോൾ എതിർത്തവയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമായതായും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമ്പോൾ വികസന പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ദേശീയ തലത്തിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും, അതിന്റെ ഭാഗമായി ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും തരൂർ ആരോപിച്ചു. ഈ രാഷ്ട്രീയ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും, അതുകൊണ്ട് ഫലത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എഫ്സിആർഎ ഭേദഗതി ബിൽ വീണ്ടും കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നും തരൂർ മുന്നറിയിപ്പ് നൽകി. എഫ്സിആർഎ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിൽ കൂടുതൽ പഠനത്തിനായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.











