08:48am 15 September 2026
NEWS
ചെല്ലാനത്തെ പോരാട്ട പാതയിൽ ജനകീയവേദി
18/11/2025  10:32 AM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
ചെല്ലാനത്തെ പോരാട്ട പാതയിൽ ജനകീയവേദി
HIGHLIGHTS

കടലെടുക്കുന്ന മണ്ണ് തിരികെ തീരത്ത് നിക്ഷേപിക്കപ്പടാത്തത് ചെല്ലാനത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു

കേരളത്തിലെ ഒരു തീരദേശ ഗ്രാമം അതിന്റെ നിലനിൽപ്പിനായി ജനകീയ സമിതി രൂപീകരിച്ച് തുടരുന്ന പോരാട്ടത്തിന് ആറ് കൊല്ലം പിന്നിടുന്നു.
എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ ചെല്ലാനത്തെ ജനങ്ങൾ 2019 ഒക്ടോബർ  28 നാണ് ചെല്ലാനം, കൊച്ചി ജനകീയവേദി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് സമരമുഖത്തിറങ്ങിയത്. ജീവനും സ്വത്തിനും സംരക്ഷണം തേടിയുള്ള പോരാട്ടമുഖത്താണ് അവർ നിലയുറപ്പിച്ചത്. 
 അതിശക്തമായ കടൽക്ഷോഭത്തിനാണ് വർഷങ്ങളായി ചെല്ലാനം സാക്ഷ്യം വഹിക്കുന്നത്. തീരത്തേക്ക് അടിച്ചു കയറുന്ന കടൽവെള്ളം റോഡ് കടന്ന് വീടുകളിലേക്കും തോട്ടിലേക്കും കയറുന്നു. ഉപ്പുവെള്ളത്തോടൊപ്പം വീടുകൾക്ക് അകത്ത് അടിയുന്ന മണ്ണ് വീട്ടുപകരണങ്ങൾ ഉപയോഗശൂന്യമാക്കുന്നു. കടൽവെള്ളം ഇറങ്ങിയാലും വീടിനകത്ത് മണൽക്കൂമ്പാരം ബാക്കിയാണ്.

 ചെല്ലാനം പ്രധാനമായും ഒരു മത്സ്യബന്ധന ഗ്രാമമാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ബഹു ഭൂരിഭാഗവും. ചെല്ലാനം മത്സ്യബന്ധന തുറമുഖവും ഇവിടെ സ്ഥിതി ചെയ്യുന്നു. കുമ്പളങ്ങിയും ഫോർട്ട് കൊച്ചിയുമാണ് സമീപ പ്രദേശങ്ങൾ. എറണാകുളം ജില്ലയുടെ ആലപ്പുഴയോട് ചേർന്ന അതിർത്തി ഗ്രാമം കൂടിയാണ് ചെല്ലാനം.

തെക്കേ ചെല്ലാനം, വാച്ചാക്കൽ, കമ്പനിപ്പടി, ഗൊണ്ട് പറമ്പ്, മാലാഖപ്പടി, വടക്കേ ചെല്ലാനം, ബസാർ, വേളാങ്കണ്ണി, മറുവാക്കാട്, ചാളക്കടവ്, കണ്ടക്കടവ്, റീത്താലയം, പുത്തൻതോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, അകത്തുവേലി പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ചെല്ലാനം പ്രദേശം മൊത്തം കടലാക്രമണ ഭീഷണി നേരിടുന്നു.

 കടലാക്രമണത്തിൽ ചെല്ലാനത്ത് ഇതേവരെ പൂർണമായും ഭാഗികമായും 1000 വീടുകളെങ്കിലും തകർന്നിട്ടുണ്ട്. ഓഖി ദുരന്ത സമയത്തും കൊറോണ കാലത്തുമായി രണ്ട് പേരാണ് കടൽക്ഷോഭത്തിൽ മരിച്ചത്. ചെല്ലാനം കൊച്ചി ജനകീയവേദി വർക്കിംഗ് ചെയർമാൻ അഡ്വ. തുഷാർ നിർമൽ സാരഥി 'കേരളശബ്ദ'ത്തോട് പറഞ്ഞു.

കാലവർഷവും വേലിയേറ്റവും ചെല്ലാനത്ത് വിതയ്ക്കുന്നത് ശക്തമായ നാശമാണ്. വീടുകളിൽ വെള്ളം കയറിയാൽ ദൂരെയുള്ള ബന്ധുവീടുകളിലോ,ക്യാമ്പുകളിലോ അഭയം തേടുന്നത് നിത്യസംഭവമായി. ഇതോടെയാണ് സ്ത്രീകളുൾപ്പെടെ പ്രതിഷേധവുമായി ഇറങ്ങിയത്. വായ് മൂടിക്കെട്ടിയും കുടങ്ങളുമായി കടലിൽ ഇറങ്ങിയും നിരാഹാരമിരുന്നും അവർ പ്രതിഷേധിച്ചു.
'തീരക്കടലിലെ ആഴം കൂടുന്നതാണ് ചെല്ലാനം കൊച്ചി തീരത്തെ കടൽ ആക്രമണത്തിന് പ്രധാന കാരണം.'  ജനകീയവേദിയുടെ ജനറൽ കൺവീനർ വി.ടി. സെബാസ്റ്റിൻ പറയുന്നു.
 'കൊച്ചി തുറമുഖം സ്ഥാപിച്ച ശേഷമാണ് ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായത്. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊച്ചി കായൽ ശുദ്ധജല തടകമായിരുന്നു.  

 1341-ലെ മഴവെള്ളപ്പൊക്കത്തിൽ പ്രധാന തുറമുഖമായ മുസരീസ് അഴി അടയുകയും കൊച്ചിയിൽ പുതിയ അഴി രൂപപ്പെടുകയും ചെയ്തു. ഈ അഴിയാണ് റോബർട്ട് ബ്രിസ്റ്റോ കൊച്ചി രാജാവിന്റെ  അനുമതിയോടെ  ഡ്രഡ്ജ് ചെയ്ത് വീതിയും ആഴവും കൂട്ടി കൊച്ചി തുറമുഖമായി വികസിപ്പിച്ചത്. ഇങ്ങനെ കിട്ടിയ ചെളിയും മണ്ണുമിട്ട് വില്ലിങ്ടൺ ഐലന്റ് ഉണ്ടാക്കി. തുറമുഖത്തിന്റെ ഇരു കടൽക്കരകളായ ഫോർട്ട് കൊച്ചിയിലും വൈപ്പിനിലും പുലി മുട്ടുകൾ നിർമ്മിക്കാതിരുന്നത് ചെല്ലാനം മുതൽ ആലപ്പുഴ അർത്തുങ്കൽ വരെ ശക്തമായ കടൽക്ഷോഭത്തിന് ഇടയാക്കി.
വല്ലാർപാടത്തെ ട്രാൻഷിപ്പ്‌മെന്റ് കണ്ടെയ്‌നർ ടെർമിനലിന്റെ പ്രവർത്തനം സ്ഥിതി കൂടുതൽ രൂക്ഷമാക്കി. 2011-ലാണ് ടെർമിനൽ കമ്മിഷൻ ചെയ്തത്. 10 മീറ്ററായിരുന്നു ആഴം. 2014- ആയപ്പോഴേക്കും ഘട്ടം ഘട്ടമായി ആഴം 14 മീറ്ററായി ഉയർത്തി. ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ ഏറ്റു വാങ്ങിയത് ചെല്ലാനമായിരുന്നു. 2016- മുതൽ കടലേറ്റം അതിശക്തമായി. 2017-ലെ ഓഖി കടൽക്ഷോഭത്തിൽ ചെല്ലാനത്തെ പഴയ കടൽഭിത്തി അപ്പാടെ നാമാവശേഷമായി. തുടർന്നങ്ങോട്ട് ചെല്ലാനം നിവാസികൾക്ക് ദുരിതത്തിന്റെയും കണ്ണീരിന്റയും തോരാ ദിനങ്ങളായിരുന്നു.
സഭയുടെ നിലപാട്

ചെല്ലാനത്തെ ജനങ്ങളുടെ സമരത്തെ പരസ്യമായി പിന്തുണയ്ക്കാൻ കത്തോലിക്ക സഭ തയ്യാറായിരുന്നില്ല. 'കടൽ കയറുമ്പോൾ ജനം ക്രിസ്ത്യൻ തീരത്തെ പള്ളികളിൽ ഒത്തുകൂടി സമരം നടത്തുകയും കടൽകയറ്റം കഴിയുമ്പോൾ എല്ലാം മറക്കുകയും ചെയ്യുകയായിരുന്നു പതിവ്.'  സെബാസ്റ്റിൻ ചൂണ്ടിക്കാട്ടി

 '2019 ൽ ശക്തമായ കടൽകയറ്റം ഉണ്ടായപ്പോൾ വടക്കെ ചെല്ലാനം സെന്റ് സെബാസ്റ്റിൻ പള്ളി കേന്ദ്രീകരിച്ച് ശക്തമായ സമരം തുടങ്ങി. ജനം അറിയാതെ സഭാനേതൃത്വവും അധികാരികളും കൂടി സമരം ഒതുക്കിത്തീർത്തു. സഭയുമായി ഒത്ത് ചേർന്ന് സമരം വിജയിപ്പിക്കാൻ കഴിയില്ലെന്നും സഭാ നേതൃത്വത്തിന് സർക്കാരിനെതിരെ ആത്മാർഥമായി സമരം ചെയ്യാൻ കഴിയില്ലെന്നുമുള്ള തിരിച്ചറിവിലാണ് ചെല്ലാനം കൊച്ചി ജനകീയ വേദി രൂപീകരിക്കുന്നത്. ' സെബാസ്റ്റിൻ പറഞ്ഞു. എന്നാൽ ഫാ: ആന്റണിറ്റോ പോൾ പോലുള്ള പുരോഹിതർ ജനകീയവേദിയുടെ കൂടെ ഉറച്ചുനിന്നു. പ്രദേശത്തെ ക്രൈസ്തവ പുരോഹിതർ ജനങ്ങൾക്കൊപ്പമാണ് അന്നുമിന്നും നിലയുറപ്പിച്ചിരിക്കുന്നത്.

ജനകീയ സമിതി രൂപീകരിക്കുന്നു

2019 -ലെ കടൽക്ഷോഭം അതിശക്തമായിരുന്നു. ചെല്ലാനത്തെ ജനങ്ങളുടെ പ്രതിഷേധം അതിലേറെ ശക്തമായി. തീരസംരക്ഷണത്തിന്  തകർന്നു പോയ കടൽഭിത്തി പുന:സ്ഥാപിക്കണമെന്നും പുലിമുട്ടുകൾ നിർമിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരം ശക്തമായി. എന്നാൽ സമരം ചെയ്യുന്നവരെ വിളിക്കാതെയും കേൾക്കാതെയും കുമ്പളങ്ങിയിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരസംരക്ഷണത്തിന് ജിയോബാഗ് സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ പറയുന്നത് കേൾക്കുന്ന ആൾക്കാരും പുരോഹിതൻമാരും മാത്രമാണ് ഈ യോഗത്തിൽ പങ്കെടുത്തത്. ചെല്ലാനത്തെ ജനങ്ങൾക്ക് ജിയോബാഗ് സ്വീകാര്യമായിരുന്നില്ല. തീരസംരക്ഷണത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു.

2019-ഒക്ടോബറിൽ ജനകീയ വേദി രൂപീകരിക്കാൻ ഇടയായത് ഈ സാഹചര്യത്തിലാണ്. ചെല്ലാനത്തെ മുതിർന്ന സ്ത്രീയായ മറിയാമ്മ ജോർജ് കുരിശിങ്കൽ ചെയർപേഴ്‌സണായും വി.ടി.സെബാസ്റ്റിൻ ജനറൽ കൺവീനറായും തുഷാർ നിർമൽ സാരഥി വർക്കിംഗ് ചെയർപേഴ്‌സണായും  ചെല്ലാനം കൊച്ചി ജനകീയവേദി നിലവിൽ വന്നു.

ചെല്ലാനം ജനതയുടെ ശബ്ദം ഇന്ത്യ മുഴുവൻ കേട്ടുതുടങ്ങിയത് ഇതിന് ശേഷമാണ്. ഗ്രോ വാസു, ഡോ. മീനാ കന്തസ്വാമി, സി.ആർ.നീലകണ്ഠൻ ഫാ.യൂജിൻ പെരേര തുടങ്ങി നിരവധിപ്പേരെ ചെല്ലാനം സമരവേദിയിൽ അണിനിരത്താൻ വേദിക്ക് സാധിച്ചു.

സർക്കാർ മുട്ടുമടക്കുന്നു

തുടക്കത്തിൽ ചെല്ലാനം തീരസംരക്ഷണത്തിന്റെ കാര്യത്തിൽ പിണറായി സർക്കാരും മെല്ലെപ്പോക്ക് നയം പിന്തുടർന്നു. ശക്തമായ കടലാക്രമണം ചെല്ലാനത്തെ കാർന്നു തിന്നുകൊണ്ടിരിക്കുമ്പോഴും അധികൃതർ ഉറക്കം തുടർന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ജനകീയവേദിയുടെ ആഹ്വാനം വഴിത്തിരിവായി. 

344.2 കോടി രൂപയുടെ കടൽഭിത്തി നിർമ്മാണത്തിന് 2021- ലാണ് സർക്കാർ അനുമതി  നൽത്. കിഫ്ബി വഴിയാണ് തുക അനുവദിച്ചത്. 10 കിലോമീറ്റർ ഭാഗത്ത് കരിങ്കൽ ടെട്രാപോഡ് കടൽഭിത്തിയും നടപ്പാതയും ബസാർ  വേളാങ്കണ്ണി, പുത്തൻതോട് കണ്ണമാലി ഭാഗങ്ങളിൽ   പുലിമുട്ടുകളുമാണ് വിഭാവനം ചെയ്തത്. ആകെ 1950 മീ. പുലിമുട്ട് പാടങ്ങളും 10 കി. മീ. കടൽ ഭിത്തിയും ഉൾപ്പെടെ 11950 മീ. ആണ് പാസായത്.
ഈ പദ്ധതി പിന്നീട് വെട്ടിച്ചുരുക്കിയാണ് നടപ്പാക്കിയത്. കരാർ എടുത്ത ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് സൊസൈറ്റി  സർക്കാരുമായി ചേർന്ന് അടങ്കൽ പുതുക്കിയാണ് കരാർ ഒപ്പിട്ടത്. 10 കിലോമീറ്റർ ഭാഗത്തേക്കുള്ള 344.2 കോടി രൂപയുടെ പദ്ധതി 7.36 കി. മി. കടൽഭിത്തിയും ബസാർ  വേളാങ്കണ്ണി പ്രദേശത്തെ 6 പുലി മുട്ടുകളുമായി  ചുരുങ്ങിയത് എങ്ങനെയെന്ന് ഇന്നും  വ്യക്തമല്ല. ഈ നിർമാണ പ്രവർത്തനങ്ങൾ രണ്ട് കൊല്ലം മുൻപ് പൂർത്തീകരിച്ചു. നിലവിൽ ചെല്ലാനം മത്സ്യബന്ധന തുറമുഖം മുതൽ പുത്തൻതോട് വരെ 7. 36 കിലോമീറ്റർ ഭാഗത്താണ് കടൽഭിത്തിയും പുലിമുട്ടുകളും  പൂർത്തിയായത്. വടക്ക് ഭാഗത്തുള്ള പുത്തൻതോട്, കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പറമ്പ് ഭാഗങ്ങളിലും കൊച്ചി കോർപ്പറേഷൻ പരിധിയിൽപ്പെട്ട മാനാശ്ശേരി, സൗദി, ബീച്ച് റോഡ് പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി തുടരുന്നു.

ചെല്ലാനത്തിന്റെ ശേഷിക്കുന്ന 4 കിലോമീറ്റർ ഭാഗത്ത്  കടൽഭിത്തി നിർമിക്കാനും പുലിമുട്ട് സ്ഥാപിക്കാനും 306 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി സർക്കാർ പറയുന്നുണ്ട്. എന്നാൽ ഇതിന് ഇതുവരേയും ഭരണാനുമതി കിട്ടിയിട്ടില്ലെന്ന് ജനകീയവേദി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലവർഷത്തിന് മുമ്പേ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങണമെന്നാണ് ചെല്ലാനം നിവാസികളുടെ ആവശ്യം. തീരദേശ സംരക്ഷണ പദ്ധതി ഫോർട്ട് കൊച്ചി വരെ നീട്ടണമെന്നും കൊച്ചി തുറമുഖത്ത് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് ചെല്ലാനം തീരത്ത് നിക്ഷേപിക്കാൻ സർക്കാർ  ഇടപെടണമെന്നും ജനകീയ സമിതി  ആവശ്യപ്പെടുന്നു. ചെല്ലാനം തീരത്ത് നിന്ന് കടലെടുക്കുന്ന മണ്ണ് തിരികെ തീരത്ത് നിക്ഷേപിക്കപ്പടാത്തത് ചെല്ലാനത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img