
നിലമ്പൂരിൽ യുഡിഎഫ് സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
നിലമ്പൂർ: സംസ്ഥാനത്ത് ഭരണ മാറ്റത്തിനു വേണ്ടി ജനങ്ങൾ ആഗ്രഹിക്കുകയാണെന്നും അതിനു മുന്നോടിയായി ഉള്ള നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലമ്പൂരിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം ജനങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ്. പതിനായിരക്കണക്കിന് വോട്ടുകൾക്ക് യുഡിഎഫ് വിജയിച്ചിരുന്ന മണ്ഡലമാണ് നിലമ്പൂർ. സംസ്ഥാന ഭരണത്തിനെതിരെ തിരുത്തൽ വേണമെന്ന ആവശ്യം ഉന്നയിച്ച് സിറ്റിംഗ് എംഎൽഎ രാജിവച്ച മണ്ഡലമാണ് ഇത്. അതിന് തുടർച്ച ഉണ്ടാകാൻ യുഡിഎഫിന്റെ വിജയം അനിവാര്യമാണ്. ആ തിരുത്ത് ഇവിടെ പൂർത്തിയാക്കണം. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് അനുയോജ്യമായ എല്ലാ ഘടകങ്ങളും നിലമ്പൂരിൽ നിലനിൽക്കുന്നുണ്ട്. വിജയം ആരോടൊപ്പം ആയിരിക്കുമെന്ന് ജനങ്ങൾക്ക് അറിയാം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാത്രമേ ഇനി യുഡിഎഫ് പ്രവർത്തകർക്ക് വിശ്രമം ഉണ്ടാവുകയുള്ളൂ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ ഇഖ്ബാൽ മുണ്ടേരി അധ്യക്ഷനായി. യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാർ, പി വി അബ്ദുൽ വഹാബ്, ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സന്ദീപ് വാര്യർ, പി കെ ഫിറോസ്, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google











