05:39am 13 November 2026
NEWS
പെൻഷനും മദ്യവിലയും വർധിപ്പിക്കും? രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ
28/01/2026  09:20 AM IST
nila
പെൻഷനും മദ്യവിലയും വർധിപ്പിക്കും? രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. 2026 -27 വർഷത്തെ സംസ്ഥാന ബജറ്റാണ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുക. തുടർച്ചയായി ആറാംതവണയാണ് കെ എൻ ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത്. നിയമസഭയുടെ നടപ്പുസമ്മേളനം അവസാനിക്കുന്നതോടെ കേരളം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും എന്നതിനാൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് പ്രതീക്ഷ. 

സർക്കാർ ജീവനക്കാർക്ക് ദ്രുതഗതിയിലുള്ള ഡി എ കുടിശിക വിതരണം, ശമ്പള പരിഷ്കരണങ്ങൾ തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുമെന്നാണ് സൂചന. സാമൂഹ്യ ക്ഷേമ പെൻഷൻ വർധിപ്പിക്കുമോ എന്ന കാര്യവും ജനങ്ങൾ ഉറ്റുനോക്കുന്ന വിഷയമാണ്. നിലവിൽ നൽകുന്ന 2,000 രൂപയിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒറ്റയടിക്ക് വലിയ തുകയിലേക്ക് ഉയർത്തുന്നതിന പകരം ഓരോ വർഷവും നിശ്ചിത തുക വീതം വർധന നൽകാനാണ് സാധ്യത. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റിൽ പ്രഖ്യാപിക്കാമെന്നാണ് സൂചന.

റബർ താങ്ങുവില വർധന, ദാരിദ്ര്യനിർമാർജ്ജന പദ്ധതികൾ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. പുതുതായി പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പെൻഷൻ (പ്രതിമാസം 1,000 രൂപ), യുവാക്കൾക്കുള്ള കണക്ടു കണക്ട് വർക്ക് സ്‌കോളർഷിപ്പുകൾ എന്നിവയുടെ തുകയും വർധിപ്പിച്ചേക്കും. വയോജനങ്ങളുടെ ആരോഗ്യപരിരക്ഷ, പരിചരണം, ഉപജീവനം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്ന പദ്ധതികളും പ്രതീക്ഷിക്കാം.

മദ്യത്തിന് വില വർധിപ്പിക്കുമോ എന്ന ചോദ്യവും ബജറ്റിന് മുന്നോടിയായി ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. കേന്ദ്രസർക്കാർ സാമ്പത്തികമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും, സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ക്ഷേമ പദ്ധതികളിൽ വിട്ടുവീഴ്ച ഉണ്ടാക്കാതിരിക്കുക എന്നതാണ്.

ബജറ്റിൽ വരുമാനം വർദ്ധിപ്പിക്കാൻ സർക്കാർ ആസൂത്രണം ചെയ്യുന്ന നടപടികൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം ലൈറ്റ് മെട്രോ ഉൾപ്പെടെയുള്ള വലിയ പദ്ധതികൾക്ക് ബജറ്റിൽ വൻതുക അനുവദിക്കാനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img