കൊച്ചി : നിർമ്മാണത്തിലെ അശാസ്ത്രീയതയും ബന്ധപ്പെട്ട അധികൃതരുടെ അലംഭാവവും മൂലം ജില്ലയിൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള NH-66 ദേശീയപാത ദുരന്തപാതയായി മാറിയതായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആരോപിച്ചു.മഴ ആരംഭിച്ചതോടെ പലയിടങ്ങളിലും കൽപ്പൊടിയും ചളിയും ഒഴുകി സമീപവാസികളുടെ വീടുകളിലേക്ക് കയറി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പ്രധാന പാതയിലെ മഴവെള്ളം ശാസ്ത്രീയ സംവിധാനമില്ലാതെ സർവീസ് റോഡുകളിലേക്കാണ് ഒഴുക്കിവിടുന്നത്. ഡ്രെയിനേജ് സംവിധാനം പൂർണമായും പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. ഇതുമൂലം ചെറിയ മഴയിൽപ്പോലും ദേശീയപാതയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെടുന്നു.
നിർമ്മാണ കമ്പനിയുടെ ഭാരവാഹനങ്ങൾ നിരന്തരം കയറിയിറങ്ങുന്നതിനാൽ സർവീസ് റോഡുകൾ ചളി നിറഞ്ഞ് യാത്ര ദുഷ്കരവും അപകടകരവുമായി മാറിയിരിക്കുകയാണ്. ഡിസൈനിലെയും നിർമ്മാണത്തിലെയും അപാകതകൾ കാരണം ചെറിയപ്പിള്ളി, പറവൂർ പാലങ്ങൾ പൊളിച്ചുപണിയേണ്ട സാഹചര്യം ഉണ്ടായതായും സമിതി ചൂണ്ടിക്കാട്ടി. അശാസ്ത്രീയമായി മണ്ണിട്ടുയർത്തി നിർമ്മിച്ച പല ഭാഗങ്ങളും പിന്നീട് ഡിസൈനിൽ മാറ്റം വരുത്തി പൊളിച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്.പാത മുറിച്ചുകടക്കാനുള്ള സൗകര്യം കിലോമീറ്ററുകളോളം നിഷേധിച്ചതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അധിക അടിപ്പാതകൾ അനുവദിച്ചെങ്കിലും മിക്ക സ്ഥലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും സമിതി ആരോപിച്ചു.പ്രദേശത്തിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യേകതകൾ കണക്കിലെടുത്ത് അരൂർ–തുറവൂർ മാതൃകയിൽ എലിവേറ്റഡ് ഹൈവേയാണ് പ്രായോഗിക പരിഹാരമെന്ന് ദേശീയപാത സംയുക്ത സമരസമിതി ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ടുവച്ച നിർദേശം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും സമിതി ഭാരവാഹികളായ പ്രൊഫ. കെ. അരവിന്ദാക്ഷൻ, ഡോ. എം.പി. മാത്തായി, ഡോ. വിൻസെന്റ് മാളിയേക്കൽ, എം ഷാജർകാൻ് അഡ്വ. സി.ആർ. നീലകണ്ഠൻ, ഹാഷിം ചേന്ദംപിള്ളി, ഫ്രാൻസിസ് കളത്തുങ്കൽ, പി.പി. അഗസ്റ്റിൻ, അശോകൻ സി.ബി., പി.പി. എബ്രഹാം, ഷാൻ കെ.ഒ., സി.കെ. ശിവദത്തൻ, കെ.കെ. ശോഭ, കെ.പി. സാൽവിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.









