
തിരുവനന്തപുരം:. സർക്കാരുമായുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ട്, 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന പേരിൽ പുതിയ സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ഈ സംവിധാനം, പൊതുജനങ്ങളുടെ പരാതികൾക്കും നിർദ്ദേശങ്ങൾക്കും വേഗത്തിൽ പരിഹാരം കാണാൻ സഹായിക്കും.
പൊതുജനങ്ങളും സർക്കാരും തമ്മിലുള്ള വിടവ് നികത്താനും, ജനങ്ങളുടെ പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടാനും, സ്വീകരിച്ച നടപടികളെക്കുറിച്ച് ജനങ്ങളെ കൃത്യമായി അറിയിക്കാനും ഈ കോൾ സെന്ററിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തനം തുടങ്ങിയ ഈ കോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ഒരേ സമയം 10 കോളുകൾ വരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
രണ്ട് തലങ്ങളായാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന 'റിസീവിംഗ് ലെയർ' ആണ് ആദ്യത്തേത്. രണ്ടാമത്തെ തലം പരാതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകുന്ന ഉദ്യോഗസ്ഥ തലമാണ്. ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതല. മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി പരിപാലന ചുമതലയും വഹിക്കും. എല്ലാ ജില്ലകളിലും നോഡൽ ഓഫീസുകളുണ്ടാകും.
ആദ്യമെത്തിയത് ടൊവിനോയുടെ കോൾ
'മുഖ്യമന്ത്രി എന്നോടൊപ്പം' പരിപാടിയിൽ ആദ്യമെത്തിയത് നടൻ ടൊവിനോ തോമസിന്റെ ഫോൺ കോൾ ആയിരുന്നു. സ്വാഗതാർഹമായ പദ്ധതിയെന്ന് അറിയിച്ച ടൊവിനോയോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. തുടർന്ന്, ഫോർട്ട് കൊച്ചി സ്വദേശിയായ 74കാരൻ അബുവിന്റെ ഫോൺ വിളിയെത്തി. കെ-ഫോൺ സംബന്ധിച്ച അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. വൃക്ക മാറ്റിവയ്ക്കലിന് സർക്കാർ സഹായം ലഭിച്ച ഹരിതയുടേതായിരുന്നു മൂന്നാമത്തെ കോൾ. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഹരിതയെ മുഖ്യമന്ത്രി അറിയിച്ചു.











