08:01am 29 April 2026
NEWS
കോടതിവിധികൾ ജനത്തിന് വിമർശിക്കാം; അത് ജനാധിപത്യത്തിന്റെ കരുത്തെന്ന് സുപ്രീംകോടതി
21/03/2026  09:52 AM IST
സുരേഷ് വണ്ടന്നൂർ
കോടതിവിധികൾ ജനത്തിന് വിമർശിക്കാം; അത് ജനാധിപത്യത്തിന്റെ കരുത്തെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:​കോടതിവിധികൾ വിമർശനാതീതമല്ലെന്നും നീതിന്യായ വ്യവസ്ഥയുടെ തീരുമാനങ്ങളിലെ ശരിതെറ്റുകൾ വിശകലനം ചെയ്യാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ സുപ്രീംകോടതിയുടെ തന്നെ മുൻകാല വിധികളെ വിമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി തള്ളിക്കൊണ്ടാണ ചീഫ് ജസ്റ്റിസ്  സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ നിലപാട് വ്യക്തമാക്കിയത്. 

നഗരങ്ങളിലെ ചേരിനിവാസികളെ 'കൈയേറ്റക്കാർ' എന്ന് വിശേഷിപ്പിച്ച മുൻപത്തെ കോടതി നടപടികളെ പാഠപുസ്തകത്തിൽ വിമർശിച്ചിരുന്നു. പാവപ്പെട്ടവരുടെ ഭാഗം കേൾക്കാതെ അവരെ കുടിയൊഴിപ്പിക്കുന്നത് നീതിയല്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ പാഠപുസ്തകത്തിൽ വന്നത് കോടതിയെ അവഹേളിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഈ വാദത്തെ തള്ളിയ കോടതി, ഒരു വിധി പുറത്തുവന്നു കഴിഞ്ഞാൽ അത് പൊതുസമൂഹത്തിന്റെ സ്വത്താണെന്നും അതിലെ പ്രായോഗികതയും നിയമവശങ്ങളും ചർച്ച ചെയ്യപ്പെടുന്നത് ആരോഗ്യകരമായ കീഴ് വഴ ക്കമാണെന്നും ഓർമ്മിപ്പിച്ചു.

​ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം കോടതിവിധികൾക്കും ബാധകമാണ്. വിധികർത്താക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ബോധപൂർവം തകർക്കാൻ ശ്രമിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഇത്തരം വിമർശനങ്ങൾ കുറ്റകരമല്ല. മറിച്ച്, നിയമം സാധാരണക്കാരിലേക്ക് എത്തുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പൗരന്മാർ സംസാരിക്കുന്നത് ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കുകയേ ഉള്ളൂവെന്നും കോടതി നിരീക്ഷിച്ചു. വിധികൾ ജനകീയ ബോധ്യങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കപ്പെടുന്നത് സുതാര്യത വർദ്ധിപ്പിക്കുമെന്നും, പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ പൗരന്മാർക്ക് പൂർണ്ണ അവകാശമുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു പരമോന്നത നീതിപീഠത്തിന്റെ ഈ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img