
5.1 ബില്യൺ ഡോളർ വിലമതിക്കുന്ന നിരവധി ഐടി സേവന കരാറുകൾ അവസാനിപ്പിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവിട്ടത് കേരളത്തിനെയും ബാധിക്കും. ആക്‌സെഞ്ചർ, ബൂസ് അലൻ ഹാമിൽട്ടൺ, ഡെലോയിറ്റ് തുടങ്ങിയ കമ്പനികൾ ഉൾപ്പെടെയുള്ളവരുമായുള്ള കരാറുകളാണ് അമേരിക്ക റദ്ദാക്കിയിരിക്കുന്നത്. കേരളത്തിലെ ടെക്നോ പാർക്കിൽ ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ബ്രാഞ്ചുകളുള്ള കമ്പനിയാണ് ആക്‌സെഞ്ചർ. അമേരിക്കൻ പ്രതിരോധ ഡിപ്പാർട്ടുമെന്റുമായുള്ള കോടികളുടെ കരാർ നഷ്ടപ്പെടുന്നത് കമ്പനിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
പെന്റഗൺ ജീവനക്കാർക്ക് ചെയ്യാൻ കഴിയുന്ന സേവനങ്ങൾ മാത്രമാണ് ഇത്തരം കമ്പനികൾക്ക് നൽകിയിരിക്കുന്നത് എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കുന്നത്. മൂന്നാം കക്ഷി കൺസൾട്ടന്റുമാർക്കുള്ള അനാവശ്യ ചെലവുകളെ ഇല്ലാതാക്കാനാണ് കരാർ റദ്ദാക്കുന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ മെമ്മോയിൽ ഹെഗ്‌സെത്ത് പറഞ്ഞു. അധിക ചുങ്കം ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം വാണിജ്യ മേഖലയിൽ അസ്ഥിരത സൃഷ്ടിച്ചതിന് പിന്നാലെയാണ് വിവര സാങ്കേതിക മേഖലയിലും തിരിച്ചടിയുണ്ടാകുന്ന പ്രഖ്യാപനം അമേരിക്ക നടത്തിയിരിക്കുന്നത്.











