
എറണാകുളം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം കുടുംബശ്രീ ജില്ലാ മിഷനും നേതൃത്വത്തിൽ വൈഎംസിഎ പാലാരിവട്ടം ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിൽ “പെൺമ 2026” വനിതാ ദിനാഘോഷ പരിപാടി പാലാരിവട്ടം വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ചു. സിനി ആർട്ടിസ്റ്റും നർത്തകിയുമായ ഊർമിള ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു.പരിപാടിയുടെ ഭാഗമായി എ.എസ്.ഐ. ലിസ്സി മത്തായിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ സ്ത്രീകൾക്കായി സ്വയംരക്ഷാ പരിശീലനം സംഘടിപ്പിച്ചു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം സുരക്ഷിതരാകുന്നതിനും സഹായിക്കുന്ന അടിസ്ഥാന സ്വയംരക്ഷാ തന്ത്രങ്ങളും ജാഗ്രതാ മുൻകരുതലുകളും പരിശീലനത്തിൽ പരിചയപ്പെടുത്തി.ഇതോടൊപ്പം മിസ് ദിവ്യ ദാമോദരന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു. തിരക്കേറിയ ജീവിതശൈലിയിൽ ശാരീരികാരോഗ്യവും മാനസിക സമത്വവും നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് വിവിധ യോഗാസനങ്ങളും ശ്വാസാഭ്യാസങ്ങളും പരിശീലിപ്പിച്ചു. ദിവസേന ജീവിതത്തിൽ യോഗയെ ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യം, ആത്മവിശ്വാസം, മാനസികശാന്തി എന്നിവ വർധിപ്പിക്കാമെന്ന സന്ദേശവും പരിശീലനത്തിലൂടെ പങ്കുവെച്ചു.എറണാകുളം കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.ആർ. രജിത,വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ട്, പാലാരിവട്ടം ബ്രാഞ്ച് ചെയർമാൻ എബ്രഹാം സൈമൺ വി , ട്രഷറർ സി.എ. റെജി എ. ജോർജ്, സുനിൽ മാത്യു, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്,ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി. മാണി എന്നിവർ സംസാരിച്ചു.എറണാകുളം ജില്ലയിലെ 102 സിഡിഎസുകളിലെ എഫ്.എൻ.എച്ച്.ഡബ്ല്യു റിസോഴ്സ് പേഴ്സൺമാർ,സ്നേഹിത ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Photo Courtesy - Google








