
പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകളായ ആൻ ഗ്രേസ് (16) ആണു മരിച്ചത്. തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ആൻ ഗ്രേസ്. ഇതോടെ പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അലീന ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ മരിച്ചിരുന്നു.
അപകടത്തിൽപ്പെട്ട രണ്ടു പെൺകുട്ടികൾ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവരാണ് ചികിത്സയിലുള്ളത്.
കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷിക്കാനെത്തിയ മൂന്നു പേരുൾപ്പെടെ നാലു പേരാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്.പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു 2.30നാണു അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. അപകടത്തിൽപ്പെട്ട നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവർ. ഡാമിലെ ജലസംഭരണി കാണാൻ അഞ്ചുപേർ ചേർന്നാണു പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ടു പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടു പേരും വീണു. വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.











