09:53am 17 September 2025
NEWS

പീച്ചി കസ്റ്റഡി മർദ്ദനത്തിൽ എസ്എച്ച്ഒ പി എം രതീഷിനെ സസ്പെൻഡ് ചെയ്തു

16/09/2025  07:40 PM IST
nila
 പീച്ചി കസ്റ്റഡി മർദ്ദനത്തിൽ എസ്എച്ച്ഒ പി എം രതീഷിനെ സസ്പെൻഡ് ചെയ്തു

തൃശ്ശൂർ: കടവന്ത്ര എസ്എച്ച്ഒ പി എം രതീഷിനെ സസ്പെൻഡ് ചെയ്തു. പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിലാണ് ഒന്നര വർഷത്തിനു ശേഷം നടപടിയെടുക്കുന്നത്.  പീച്ചി എസ്ഐയായിരിക്കുമ്പോഴാണ് ഇയാൾ ഹോട്ടൽ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചത്. . പൊലീസ് മർദ്ദനത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് രതീഷിനെ സസ്പെൻഡ് ചെയ്ത് ദക്ഷിണമേഖല ഐജി എസ് ശ്യാംസുന്ദർ ഉത്തരവിറക്കിയത്. 

വകുപ്പുതല അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ രതീഷിന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. മറുപടി ലഭിക്കും വരെ കാത്തിരിക്കേണ്ടതില്ലെന്ന ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്.

2023 മെയിലാണ് ഹോട്ടൽ ഉടമയായ കെ പി ഔസേപ്പിനും മകനും ജീവനക്കാർക്കും പീച്ചി സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റത്. ഹോട്ടലിലെ ബിരിയാണിയെ ചൊല്ലി പാലക്കാട് സ്വദേശിയുമായുണ്ടായ തർക്കത്തിനു പിന്നാലെയായിരുന്നു ഇത്. പരാതി പറയാനെത്തിയ ഹോട്ടൽ മാനേജറേയും ഡ്രൈവറേയും അന്നത്തെ പീച്ചി സ്റ്റേഷൻ എസ് ഐ ആയിരുന്ന രതീഷ് മുഖത്തടിക്കുകയായിരുന്നു. പിന്നാലെ വിവരം അറിഞ്ഞെത്തിയ ഔസേപ്പിനേയും മകനേയും രതീഷ് ഭീഷണിപ്പെടുത്തി. പരാതിക്കാരനായ ദിനേശിന്റെ സഹോദരീപുത്രന് പ്രായപൂർത്തിയായിട്ടില്ലെന്നും വധശ്രമത്തിനൊപ്പം പോക്സോ കേസും ചുമത്തുമെന്നായിരുന്നു എസ്ഐയുടെ ഭീഷണി.

പണം നൽകി കേസ് ഒത്തുതീർപ്പാക്കണമെന്ന് രതീഷ് പറഞ്ഞതായി ഔസേപ്പ് ആരോപിച്ചിരുന്നു. പൊലീസ് നിർദേശ പ്രകാരം അഞ്ച് ലക്ഷം രൂപ നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. ഇതിൽ മൂന്ന് ലക്ഷം പൊലീസിനും രണ്ട് ലക്ഷമാണ് തനിക്ക് ലഭിക്കുക എന്നാണ് പാലക്കാട് സ്വദേശിയായ പരാതിക്കാരൻ പറഞ്ഞതെന്നും ഔസേപ്പ് പറഞ്ഞിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾക്കായി ഔസേപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് നൽകാൻ കൂട്ടാക്കിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഔസേപ്പിന് ദൃശ്യങ്ങൾ ലഭ്യമായത്. ഇത് പുറത്തുവന്നതോടെയാണ് പീച്ചി പൊലീസ് സ്റ്റേഷനിലെ മർദ്ദനം പുറംലോകമറിയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img img