
ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജ് പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'നല്ല മലയാളം' പദ്ധതിക്ക് തുടക്കമായി.
നാഷനൽ സർവീസ് സ്കീം, ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രവും ചേർന്നാണ് പരിപാടി നടത്തുന്നത്. ചെങ്ങന്നൂർ താലൂക്കിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷാപരിശീലനവും പ്രഭാഷണ പരിശീലനവും നടപ്പിലാക്കുക, മാതൃഭാഷയെ അടിസ്ഥാനപ്പെടുത്തി പ്രശ്നോത്തരിയും വിജയികൾക്ക് പുരസ്കാരങ്ങളും സമർപ്പിക്കുകയെന്നതാണ് നല്ല മലയാളം പദ്ധതിയുടെ ലക്ഷ്യം. വിദ്യാർഥികളിൽ ഭാഷാസ്നേഹവും ഭാഷാവബോധവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. സംസ്കാരവും വിവേകവും സ്വായത്തമാക്കിയ തലമുറയെ വാർത്തെടുക്കാൻ മാതൃഭാഷാപഠനത്തിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ് അധ്യക്ഷനായി. ഇതോടൊപ്പം കോളേജിൽ ആരംഭിക്കുന്ന വിജ്ഞാന സമൂഹകേന്ദ്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. നവ മാധ്യമങ്ങളുടെ സഹായത്തോടെ അക്കാദമിക പുരോഗതിക്കായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് വിജ്ഞാന സമൂഹകേന്ദ്രം.
ഭാഷാപഠനകേന്ദ്രം അധ്യക്ഷൻ ഡോ. ടി.എ.സുധാകരക്കുറുപ്പ്, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ എം.വി.പ്രീത, ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ജി.അശോക് കുമാർ, കവി ജി.നിശീകാന്ത്, ഗ്രാമപഞ്ചായത്തംഗം കെ.ജി.രാധാകൃഷ്ണൻ നായർ, മനു പാണ്ടനാട്, എൻ.ജി.മുരളീധരക്കുറുപ്പ്, എം.മഞ്ജുഷ, രജനി മോഹൻ, മായാരാജ് കല്ലിശ്ശേരി, രജനി ടി.നായർ, പി ടി എ പ്രസിഡൻ്റ് പി.വി.ലേഖ, ഡി.സുഭദ്രക്കുട്ടിയമ്മ, ഡോ.ബി.നിത, എസ്. ഷിബു, ആർ.എസ്.സെയ്ത് മുഹമ്മദ്, എം.ലാവണ്യ എന്നിവർ പ്രസംഗിച്ചു.











