12:32am 13 November 2026
NEWS
നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപിയുടെ പിന്തുണ ഇടതുമുന്നണിക്ക്
22/03/2026  09:08 PM IST
nila
നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപിയുടെ പിന്തുണ ഇടതുമുന്നണിക്ക്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപിയുടെ പിന്തുണ ഇടതുമുന്നണിക്ക്. കൊച്ചിയിൽ ചേർന്ന പാർട്ടി സംസ്ഥാന നേതൃ യോഗത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. പി ഡി പി ചെയർമാൻ മദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 


ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നാണ് പി ഡി പി നേതാക്കൾ വ്യക്തമാക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര വോട്ടുകൾ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതെന്നും നേതാക്കൾ വിശദീകരിക്കുന്നു. 

പിഡിപിയുടെ അറിയിപ്പ് ഇങ്ങനെ: 

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കാൻ പി ഡി പി തീരുമാനിച്ചു. എറണാകുളത്ത് ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ ചെയർമാൻ അബ്ദുൾ നാസർ മദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വർഗീയ - വിദ്വേഷ രാഷ്ട്രീയം ഫണം വിടർത്തിയാടുന്ന ഇന്ത്യൻ സാഹചര്യത്തിന്റെ തനിപ്പകർപ്പായി മതേതര കേരളത്തിന്റെ രാഷ്ട്രീയഭൂമികയേയും മാറ്റിയേടുക്കാൻ ശ്രമിക്കുന്ന വർഗീയ - ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര കേരളത്തിന്റെ നിലനിൽപ്പിന് ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്ന നിലപാട് തുടരാനാണ് തീരുമാനമെന്ന് പി ഡി പി നേതാക്കൾ പറഞ്ഞു. 

വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ഉത്തരേന്ത്യൻ മോഡലിൽ അധികാരത്തിലെത്താനും അജണ്ടകൾ തയ്യാറാക്കുന്ന സംഘപരിവാർ ശക്തികളുടെ ആരോപണങ്ങളുടെ പ്രചാരകരായി മാറുന്നതിലൂടെ ഇടത് വിരുദ്ധതയുടെ ഗുണഭോക്താക്കളായി മാറാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തരാതരം പോലെ വർഗീയതയെ താലോലിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം കേരളത്തിന്റെ ഭാവിക്ക് കടുത്ത വെല്ലുവിളിയാണ്. പി ഡി പിയുടേയും എൽ ഡി എഫിന്റേയും നേതൃതലത്തിൽ നടന്ന ചർച്ചകളുടെ ഭാഗമായി രൂപപ്പെട്ട രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയെ പിന്തുണക്കാൻ തീരുമാനമെടുത്തതെന്നും നേതാക്കൾ പറഞ്ഞു. 

നേതൃയോഗത്തിൽ വൈസ്ചെയർമാന്മാരായ വർക്കല രാജ്, അഡ്വ. മുട്ടം നാസർ, ടി എ മുഹമ്മദ് ബിലാൽ, സിയാവുദ്ദീൻ പാലക്കാട്, ജനറൽ സെക്രട്ടറിമാരായ വി എം അലിയാർ, മൈലക്കാട് ഷാ, മുഹമ്മദ് റജീബ്, അജിത്കുമാർ ആസാദ്, മജീദ് ചേർപ്പ്, ട്രഷറർ ഇബ്രാഹീം തിരൂരങ്ങാടി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം എസ് നൗഷാദ്, ടി എ മുജീബ് റഹ്മാൻ, നൗഷാദ് തിക്കോടി, റസാഖ് മണ്ണടി, അഷറഫ് വാഴക്കാല, ശശികുമാരി വർക്കല, അനിൽകുമാർ, അൻവർ താമരക്കുളം, നജീബ് കളരിക്കൽ, ഹുസൈൻ കാടാമ്പുഴ, സക്കീർ പരപ്പനങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img