04:59pm 17 August 2026
NEWS
''ഒറ്റ തന്തയേ ഉള്ളൂ''; ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ മലക്കംമറിഞ്ഞ് പി.സി. ജോർജ്
16/08/2026  01:14 PM IST
nila
ഒറ്റ തന്തയേ ഉള്ളൂ; ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ മലക്കംമറിഞ്ഞ് പി.സി. ജോർജ്

കോട്ടയം: ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതോടെ നിലപാട് തിരുത്തി പി.സി. ജോർജ്. തിരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് ആരും ഒരു പൈസ പോലും മോഷ്ടിച്ചിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി. എരുമേലിയിൽ നടന്ന യോഗത്തിൽ നേരത്തെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.

പൂഞ്ഞാറിൽ ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടായി 4.45 കോടി രൂപ ചെലവഴിച്ചെന്നും ഇതിന്റെ കണക്ക് പുറത്തുവന്നാൽ പാർട്ടി പ്രവർത്തകർക്ക് നാണക്കേടാകുമെന്നും എരുമേലിയിലെ യോഗത്തിൽ ജോർജ് പറഞ്ഞിരുന്നു. ഓരോ ബൂത്തിനും 31,000 രൂപ വീതം നൽകാൻ നിർദേശിച്ചിരുന്നെങ്കിലും പലർക്കും തുക ലഭിച്ചില്ലെന്നും ഫണ്ടിന്റെ ചുമതല സജി കുരിക്കാടിനായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പരാമർശം വാർത്തയായതിന് പിന്നാലെയാണ് ജോർജ് വിശദീകരണവുമായി രംഗത്തെത്തിയത്. എരുമേലിയിൽ താൻ പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെന്നും തിരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിക്ക് നിയമപരമായി ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണെന്നും ജോർജ് ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അത്രയും തുക പോലും ചെലവായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 'എരുമേലിയിൽ ഞാൻ പറഞ്ഞത് തെറ്റാണ്. സജി കുരിക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകനാണ്. അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ല. ഇതാണ് സത്യം. എരുമേലിയിൽ പറഞ്ഞ കാര്യങ്ങളിൽ ക്ഷമ ചോദിക്കുന്നു' പി.സി.ജോർജ് പറഞ്ഞു. ബിജെപി വിടുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു. 'തനിക്ക് ഒറ്റ തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദി തന്നെയാണ്. മാറുന്ന പ്രശ്‌നമില്ല' പി.സി.ജോർജ് പറഞ്ഞു. ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണ് തന്റെ തോൽവിക്ക് കാരണമായതെന്നും ജോർജ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img