11:29am 06 November 2026
NEWS
പി.സി.ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

12/02/2025  12:50 PM IST
nila
പി.സി.ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

കൊച്ചി: കേരളത്തിൽ ഇടത് മുന്നണിയുടെ ഭാ​ഗമായി നിൽക്കുന്ന എൻസിപി  (ശരദ് പവാർ)യിൽ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ സ്ഥാനം രാജിവെച്ചു. വളരെനാളായി പാർട്ടിയിൽ നടന്നുവരുന്ന അധികാരവടംവലിയുടെ ഭാ​ഗമായാണ് രാജി. നിലവിൽ ദേശീയ വർക്കിങ് പ്രസിഡന്റായ ചാക്കോ ഈ സ്ഥാനത്ത് തുടരണമോയെന്ന കാര്യത്തിൽ പവാറാകും തീരുമാനം എടുക്കുക. 

ഇന്നലെ വൈകീട്ടോടെയാണ് പി സി ചാക്കോ ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. എൻ.സി.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.സി. ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവർ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസിന്റെ പിന്തുണയോടെയാണ്  പി.സി. ചാക്കോയെ മാറ്റാനുള്ള നീക്കമെന്നായിരുന്നു ശശീന്ദ്രൻ പക്ഷത്തിന്റെ അവകാശവാദം. 

എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ചേരിപ്പോരാണ് ഇപ്പോൾ സംസ്ഥാന അധ്യക്ഷന്റെ രാജിയിൽ കലാശിച്ചിരിക്കുന്നത്.  ചാക്കോയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ശശീന്ദ്രൻ പക്ഷം അറിയിച്ചിരുന്നു. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽനിന്നും വിട്ടുനിന്ന ശശീന്ദ്രൻ പക്ഷം 18-ന് വിളിച്ചിരുന്ന യോഗത്തിലും പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നത്.

മന്ത്രിസ്ഥാനം കിട്ടാതായതോടെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്ന കടുത്ത നിലപാടിലാണ് തോമസ് കെ. തോമസ്. മന്ത്രിസ്ഥാനം ലഭിക്കാൻ ചാക്കോ വേണ്ടവിധം ശ്രമിച്ചില്ലെന്ന നീരസവും തോമസിനുണ്ട്. തന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാടെടുത്തതോടെയാണ് എ.കെ. ശശീന്ദ്രൻ, പി.സി. ചാക്കോയ്‌ക്കെതിരേ തിരിഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img