
കൊല്ലം: രാജ്യത്ത് പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തിൽ നിന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പ്രകാശ് കാരാട്ട് കേരളത്തിലെ പാർട്ടിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ നവഉദാരവത്കരണ വർഗീയ നയങ്ങൾക്കെതിരായ ബദൽ സമീപനം പ്രയോഗത്തിൽ വരുത്താനാണ് കേരളത്തിൽ പിണറായി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ഇക്കാര്യത്തിൽ പിണറായി വിജയനും ഇടത് സർക്കാറും പ്രശംസ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ പാർട്ടിയെന്നും മുൻനിരയിൽ തന്നെയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം കൂടുതൽ തീവ്രമാകുന്ന കാലമാണിതെന്നും അന്തർ ദേശീയ- ദേശീയ തലങ്ങളിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താകണം സംസ്ഥാന സമ്മേളന ചർച്ചകളും നടപടികളുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അടവുനയ രൂപീകരണവും രാഷ്ട്രീയ വിലയിരുത്തൽ റിപ്പോർട്ടും നിർണ്ണായകമാണ്. യച്ചൂരിയുടേയും കോടിയേരിയുടേയും വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.
കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്.











