
കണ്ണൂർ സി.പി.എമ്മിൽ ഇപ്പോൾ ഒരേസമയം രണ്ടു സിനിമകൾ ഓടുകയാണ്. ഒന്നാമത്തെ തിയേറ്ററിൽ എം.വി. ജയരാജൻ സംവിധാനം ചെയ്ത "മനംനൊന്ത് മടങ്ങിവരൂ മക്കളേ..." എന്ന വൈകാരിക കുടുംബചിത്രം. രണ്ടാമത്തെ തിയേറ്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ റിലീസ് ചെയ്ത "വർഗവഞ്ചകർക്ക് ഇവിടെ സ്ഥാനമില്ല!" എന്ന മാസ്സ് ആക്ഷൻ പടം. രണ്ടു പടവും കൂടി കണ്ട് പ്രേക്ഷകർക്ക് തലകറങ്ങി നിൽക്കുന്ന അവസ്ഥയാണിപ്പോൾ.
കഥയിലെ പ്രധാന രംഗങ്ങൾ ഇങ്ങനെയാണ്:
സീൻ 1: ജയരാജന്റെ ‘കെട്ടിപ്പിടുത്ത’ നയം
ഒരു പ്രാദേശിക ചാനലിൽ വന്നിരുന്ന് എം.വി. ജയരാജൻ പെട്ടെന്നൊരു ദിവസം വികാരാധീനനായി. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥിയെ നിർത്തിയതിൽ പാർട്ടിക്ക് ചെറിയൊരു ‘കൈയബദ്ധം’ പറ്റിപ്പോയി എന്ന് പുള്ളി സമ്മതിച്ചു. എന്നിട്ട് പുറത്തുപോയ വിമതൻമാരായ ടി.കെ. ഗോവിന്ദനോടും വി. കുഞ്ഞികഷ്ണനോടുമായി പറഞ്ഞു: “പിണക്കമൊക്കെ മാറി തെറ്റൊക്കെ തിരുത്തി ഇങ്ങോട്ട് പോര് സിങ്കങ്ങളേ... പണ്ട് എം.വി. രാഘവനെയും ഗൗരിയമ്മയെയും ഞങ്ങൾ സ്വീകരിച്ചിട്ടില്ലേ, അതുപോലെ നിങ്ങളെയും ഞങ്ങൾ അങ്ങ് എടുത്തേക്കാം. നമ്മൾ കമ്മ്യൂണിസ്റ്റുകാർ ഹൃദയമുള്ളവരല്ലേ!”
സീൻ 2: ഗോവിന്ദൻ മാഷിന്റെ ‘ക്ലാസ് റൂം’ അടി
ജയരാജൻ ചാനലിൽ ഇരുന്ന് സെന്റിമെന്റ്സ് അടിക്കുന്നത് കണ്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് വടിയുമെടുത്ത് ഇറങ്ങി. “ നിർത്ത്! അതൊന്നും പാർട്ടിയുടെ ലൈനല്ല!” എന്ന് പറഞ്ഞ് ജയരാജനെ ഒറ്റത്തള്ളൽ. എന്നിട്ട് വിമതൻമാരുടെ നേരെ തിരിഞ്ഞ് മാഷ് പ്രഖ്യാപിച്ചു: “പാർട്ടി മാറി മത്സരിച്ചവരൊക്കെ വെറും വർഗവഞ്ചകരാണ്, ചതിയൻമാരാണ്! ഓരോരുത്തൻമാർ ചാനലിൽ ഇരുന്ന് ഓരോന്ന് പറയുന്നത് കേട്ട് പാർട്ടി നയം മാറ്റാൻ ഒക്കില്ല.”
അടി കിട്ടിയത് കണ്ട ജയരാജൻ സഖാവ് പെട്ടെന്ന് തന്നെ ട്രാക്ക് മാറ്റി അടുത്ത പ്രസ്താവനയിറക്കി: “അതെ അതെ, ഞാൻ നേരത്തെ പറഞ്ഞത് അവർ തെറ്റ് തിരുത്തിയാൽ കാര്യം... തിരുത്തിയില്ലെങ്കിൽ അവരും വഞ്ചകർ തന്നെയാണ് കേട്ടോ!”
സീൻ 3: വിമതൻമാരുടെ ‘കൗണ്ടർ അറ്റാക്ക്’
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും പുറത്തിരിക്കുന്ന വിമതൻമാർ ഒട്ടും വിട്ടുകൊടുക്കാൻ ഭാവമില്ല.
വി. കുഞ്ഞികൃഷ്ണൻ: “അല്ല ജയരാജാ, ഞാൻ എന്ത് തെറ്റാണ് തിരുത്തേണ്ടത് എന്ന് കൂടി ഒന്ന് പറഞ്ഞുതാ. ചോദിക്കാതെ പുറത്താക്കിയിട്ട് ഇപ്പോൾ പറയുന്നു തെറ്റ് തിരുത്താൻ! ഞാൻ ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരനാണ്, അല്ലാതെ യു.ഡി.എഫിൽ പോയിട്ടില്ല. എന്നെ യു.ഡി.എഫുകാരനാക്കാൻ നിങ്ങളുടെ പത്രത്തിന് നല്ല വാശിയുണ്ടെന്ന് അറിയാം. എന്തായാലും പാർട്ടിക്ക് തെറ്റ് മനസ്സിലായല്ലോ, സന്തോഷം!”
ടി.കെ. ഗോവിന്ദൻ: “തെറ്റ് പറ്റിയത് ഞങ്ങൾക്കല്ല, പാർട്ടിക്കാണ്! ആരാണ് യഥാർത്ഥ ‘വർഗവഞ്ചകൻ’ എന്ന് ജനങ്ങൾക്ക് നന്നായിട്ടറിയാം. പിന്നെ ജയരാജൻ പറഞ്ഞ എം.വി. രാഘവന്റെ കാര്യം; പുള്ളിക്ക് ബോധമില്ലാത്ത അവസ്ഥയിലാണ് പാർട്ടി സ്വീകരിച്ചത്. സി.എം.പിക്കാരെ എടുത്തതാകട്ടെ രാഘവൻ മരിച്ച ശേഷവും! ഞങ്ങൾക്ക് ആ അവസ്ഥ വരാൻ തൽക്കാലം താല്പര്യമില്ല!”
ആകെത്തുക:
ആരുടെ തെറ്റാണ് ആദ്യം തിരുത്തേണ്ടത് എന്നറിയാതെ കൺഫ്യൂഷനിലാണ് അണികൾ. തെറ്റ് തിരുത്തി തിരിച്ചുവരാൻ നോക്കിയാൽ 'വർഗവഞ്ചകൻ' എന്ന് വിളി കേൾക്കാം, വരാതിരുന്നാൽ 'ചതിയൻ' എന്നും വിളിക്കും! എന്തായാലും കണ്ണൂരിലെ ഈ 'എം.വി വേഴ്സസ് എം.വി' പോര് കണ്ട് അപ്പുറത്ത് യു.ഡി.എഫുകാർ പോപ്‌കോണും വാങ്ങിയിരുന്ന് ആസ്വദിക്കുകയാണ്!










