04:54pm 04 May 2026
NEWS
നേതൃത്വത്തെ അണികൾ തിരുത്തി; പയ്യന്നൂരിൽ സിപിഎമ്മിന് ദയനീയ പരാജയം


04/05/2026  02:20 PM IST
nila
നേതൃത്വത്തെ അണികൾ തിരുത്തി; പയ്യന്നൂരിൽ സിപിഎമ്മിന് ദയനീയ പരാജയം

കണ്ണൂർ: കണ്ണൂരിലെ ഇടതു കോട്ടകളും ശക്തമായ ഭരണവിരുദ്ധ വികാരത്തിന് മുന്നിൽ തകർന്നടിഞ്ഞു. സിപിഎം ശക്തികേന്ദ്രങ്ങൾ പോലും ഇത്തവണ യുഡിഎഫ് തരംഗത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സിപിഎമ്മിന്റെ ഉരുക്കു കോട്ടയായി കണക്കാക്കിയിരുന്ന പയ്യന്നൂരിൽ പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒരിക്കലും കൈവിടില്ലെന്ന് കരുതിയ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ നേടിയ വിജയം ഇടതുക്യാമ്പിനെ അമ്പരപ്പിച്ചു. സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗമായ കുഞ്ഞികൃഷ്ണൻ, സിപിഎം സ്ഥാനാർഥി ടി.ഐ. മധുസൂദനനെ 7487 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലീഡ് സിപിഎമ്മിനായിരുന്നു. ചെങ്കോട്ടയായി കണക്കാക്കുന്ന കരിവെള്ളൂർ-പെരളം പഞ്ചായത്തിൽ നിന്നുള്ള ആദ്യ റൗണ്ടുകൾ ടി.ഐ. മധുസൂദനന് മുന്നേറ്റം നൽകിയെങ്കിലും, പാർട്ടി പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതിരുന്നത് തന്നെ ആശങ്കയ്ക്ക് ഇടയാക്കി. 2021ൽ എൽഡിഎഫിന് 6200ലേറെ വോട്ടിന്റെ ലീഡ് നൽകിയ മേഖലയിലാണ് ഇത്തവണ തപാൽ വോട്ടുകൾ ഉൾപ്പെടെ വെറും 2408 വോട്ടിന്റെ മുൻതൂക്കം മാത്രമുണ്ടായത്.

റൗണ്ടുകൾ പിന്നിടുമ്പോൾ സിപിഎമ്മിന്റെ ലീഡ് ക്രമേണ കുറഞ്ഞു. പാർട്ടിയുടെ ഉറച്ച വോട്ടുബാങ്കുകളിലേക്കുപോലും വി. കുഞ്ഞികൃഷ്ണൻ കടന്നുകയറിയതോടെ മത്സരം കടുത്തു. ആദ്യ ഏഴ് റൗണ്ടുകളിൽ ലീഡ് നിലനിർത്തിയ ടി.ഐ. മധുസൂദനനെ എട്ടാം റൗണ്ടിൽ കുഞ്ഞികൃഷ്ണൻ മറികടന്നു. അതോടെയാണ് പയ്യന്നൂർ കൈവിടുമെന്ന ആശങ്ക ഇടതുക്യാമ്പിൽ ശക്തമായത്.

പിന്നീടങ്ങോട്ട് ഓരോ റൗണ്ടിലും കുഞ്ഞികൃഷ്ണൻ ലീഡ് വർധിപ്പിച്ചുകൊണ്ടേയിരുന്നു. 14ൽ 12 റൗണ്ടുകൾ പൂർത്തിയായപ്പോഴേക്കും 4752 വോട്ടിന്റെ വ്യക്തമായ മുൻതൂക്കം അദ്ദേഹം നേടിയിരുന്നു. അവസാന രണ്ട് റൗണ്ടുകളിലും തിരിച്ചുകയറാൻ സിപിഎമ്മിന് സാധിച്ചില്ല. ഒടുവിൽ 7487 വോട്ടിന്റെ നിർണായക ഭൂരിപക്ഷത്തോടെ വി. കുഞ്ഞികൃഷ്ണൻ വിജയം ഉറപ്പിച്ചതോടെ, പയ്യന്നൂരിൽ സിപിഎം നേരിട്ടത് മണ്ഡല ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോൽവികളിലൊന്നായി മാറി.

വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കിയത്. അതേ കുഞ്ഞികൃഷ്ണൻ യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങി പാർട്ടിയെ തോൽപ്പിച്ചതോടെ സിപിഎം നേരിട്ടത് ചരിത്രത്തിലിതുവരെ നേരിടാത്ത തോൽവി. സിപിഎം ടി.ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതോടെയാണ് കുഞ്ഞികൃഷ്ണനും മത്സരിക്കാനിറങ്ങിയത്. ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നതെന്നും തന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ലെന്നും പറഞ്ഞാണ് കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നതായി അറിയിച്ചത്. കഴിഞ്ഞ തവണ 49,780 വോട്ടുകൾക്ക് ജയിച്ച മധുസൂദനന് വെല്ലുവിളി ഉയർത്താനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. എന്നാൽ ഇതുപോലൊരു പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സ്വപ്നത്തിൽ പോലും സിപിഎം കരുതിയിരുന്നില്ല.

പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായാണ് കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. പിന്നാലെ അദ്ദേഹം പുസ്തകവും പുറത്തിറക്കി. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്നാണ് പുസ്തകത്തിനിട്ട പേര്. പയ്യന്നൂരിലെ സിപിഎമ്മിലെ ഫണ്ട് വിവാദത്തെക്കുറിച്ചാണ് പുസ്തകത്തിലൂടെ വി. കുഞ്ഞികൃഷ്ണൻ വിശദീകരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും മാത്രമായി പാർട്ടിക്ക് നഷ്ടമായത് 91 ലക്ഷത്തോളം രൂപയാണെന്നാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. പാർട്ടിയെ സംരക്ഷിക്കണോ നേതാവിനെ സംരക്ഷിക്കണോ എന്നതായിരുന്നു തന്നെ അലട്ടിയ വിഷയം. നേതാവിനെയല്ല, പാർട്ടിയെയാണ് സംരക്ഷിക്കേണ്ടതെന്നായിരുന്നു താൻ എത്തിച്ചേർന്ന ഉറച്ച തീരുമാനം. എന്നാൽ, പാർട്ടി എന്തായാലും വേണ്ടില്ല നേതാവിനെ സംരക്ഷിക്കുക എന്ന നിലപാടാണ് നേതൃത്വത്തിന്റെത്. അതിനാലാണ് തനിക്ക് ഈ നിലയിൽ തുറന്നെഴുതേണ്ടി വന്നതെന്നും പുസ്തകത്തിൽ വി. കുഞ്ഞികൃഷ്ണൻ പറയുന്നു.

കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് പാർട്ടി നൽകിയ വിശദീകരണങ്ങളൊന്നും പാർട്ടിയെ രക്ഷിച്ചില്ലെന്നുറപ്പ്. 92 ലക്ഷത്തോളം രൂപ പാർട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണൻ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണെന്നും പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും പറഞ്ഞുകൊണ്ട് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രതിരോധമുയർത്തിയെങ്കിലും ഫലിച്ചില്ലെന്ന് വ്യക്തം. പ്രതിരോധത്തിലായതിന് പിന്നാലെ പാർട്ടി വിശദീകരിച്ചെങ്കിലും പാർട്ടി അനുഭാവികൾക്ക് പോലും അത് ദഹിച്ചില്ലെന്നുവേണം കരുതാൻ. പയ്യന്നൂരിലെ ചുവന്ന മണ്ണ് അപ്പാടെ ഒലിച്ചുപോകുന്നതിന് പിന്നിലും കാരണം മറ്റൊന്നല്ല. വരും നാളുകളിൽ പാർട്ടി മണ്ഡലത്തിലെ തോൽവി വിശദീകരിക്കേണ്ടിവരും. പയ്യന്നൂരിലെ തോൽവി പാർട്ടിയെ ഇനിയുള്ള കാലമത്രയും ചിന്തിപ്പിക്കുമെന്നുറപ്പ്. അണികൾ നേതൃത്വത്തെ തിരുത്തിയെന്ന് ഫലത്തിൽ നിന്ന് വായിച്ചെടുക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img