
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാനിംഗിൽ ഗുരുതര പിഴവ്. വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന് ഗർഭാശയ മുഴ എന്നാണ് സ്കാനിംഗ് റിപ്പോർട്ട്. കഴക്കൂട്ടം നെഹ്റു ജംക്ഷൻ സ്വദേശി ഷിഹാസ് (24) ന്റെ സ്കാനിംഗ് റിപ്പോർട്ടിലാണ് ഗുരുതരമായ പിഴവുണ്ടായിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ റിപ്പോർട്ടുമായി മെഡിക്കൽ കോളജിലെത്തി കാര്യം പറഞ്ഞെങ്കിലും ജീവനക്കാർ ദേഷ്യപ്പെടുകയായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി.
വയറുവേദനയെ തുടർന്നാണ് ഷിഹാസ് മെഡിക്കൽ കോളജിൽ ചികിൽസ തേടിയെത്തിയത്. തുടർന്ന് വൃക്കയിൽ കല്ലെന്ന സംശയത്തിൽ ഡോക്ടർ സ്കാനിങ് നിർദേശിച്ചു. ഫെബ്രുവരി 16ന് സിടി സ്കാനിന് ഷിഹാസ് വിധേയനായി. ഒരാഴ്ച കഴിഞ്ഞാണ് റിസൽറ്റ് ലഭിക്കുമെന്ന് പറഞ്ഞത്. എന്നാൽ വേദന കുറഞ്ഞതിനാൽ റിസൽറ്റ് വാങ്ങിയില്ല. അതിനിടെ വീണ്ടും വേദന തുടങ്ങിയപ്പോൾ ഐരാണിമുട്ടത്തെ ഹോമിയോ ആശുപത്രിയിൽ ഷിഹാസ് ചികിൽസ തേടി. നേരത്തെ സ്കാൻ ചെയ്ത റിപ്പോർട്ട് അവിടുത്തെ ഡോക്ടർ ആവശ്യപ്പെട്ടപ്പോഴാണ് റിപ്പോർട്ട് വാങ്ങാൻ ഷിഹാസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. മാർച്ച് 16നായിരുന്നു ഇത്.
ഈ റിസൽറ്റുമായി ഇന്നലെ ഹോമിയോ ആശുപത്രിയിലെത്തിയപ്പോഴാണ് റിപ്പോർട്ടിലെ പിഴവ് മനസ്സിലായത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി വിവരം പറഞ്ഞെങ്കിലും ജീവനക്കാർ ആദ്യം സമ്മതിച്ചില്ല. പിന്നീട് കാത്തിരിക്കാൻ ആവശ്യപ്പെട്ട ശേഷം 10 മിനിറ്റിനുള്ളിൽ ഷിഹാസിന്റെ ശരിയായ റിസൽറ്റ് തയാറായതായി ജീവനക്കാർ അറിയിച്ചു. വീണ്ടും സ്കാൻ ചെയ്യാതെ എങ്ങനെ പുതിയ റിസൽറ്റ് കിട്ടിയെന്ന് ചോദിച്ചതോടെ ജീവനക്കാർ തട്ടിക്കയറിയെന്നും ഷിഹാസ് പറഞ്ഞു. തുടർന്ന് പണം തിരികെ നൽകി പ്രശ്നം പരിഹരിക്കാനും അധികൃതർ ശ്രമിച്ചു. പരാതി നൽകാനായി പഴയ റിസൽറ്റ് ചോദിച്ചെങ്കിലും ലാബിലെ ഡോക്ടർ അത് നൽകിയില്ലെന്നും പണം വാങ്ങി സ്ഥലംവിടാൻ പറഞ്ഞെന്നും ഷിഹാസ് ആരോപിച്ചു.
സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ ഷിയാസ് പരാതി നൽകിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിന് ഇന്ന് പരാതി നൽകാനാണ് ഷിഹാസിന്റെ തീരുമാനം. അതേസമയം, ഷിഹാസിന്റെ സ്കാനിംഗ് റിപ്പോർട്ട് മറ്റാർക്കെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.










