07:36am 10 November 2026
NEWS
ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ കേസ്
01/07/2025  11:04 AM IST
nila
ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ കേസ്

കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കെതിരെ കേസെടുത്തു. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു തോമസിന്റെ (54)  മരണവുമായി ബന്ധപ്പെട്ടാണ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തത്.  ബിജുവിന്റെ സഹോദരൻ ബിനു (44) നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. 

അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി.  കീ ഹോൾ സർജറിക്കുശേഷം പ്രധാന രക്തക്കുഴൽ പൊട്ടിയമൂലം  ആന്തരിക രക്തസ്രാവം ഉണ്ടായതാണെന്നാണ് ഡോക്ടർ പറയുന്നത്. നിയമപരമായി നീങ്ങിക്കോളുവെന്നും നഷ്ടപരിഹാരം തരാൻ തയ്യാറല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞെന്ന ആരോപണവും ഉയരുന്നുണ്ട്. 

നടുവേദനയെ തുടർന്നാണ് ബിജു കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടർ പറഞ്ഞതായി ബിനു പറയുന്നു. ഡിസ്‌കിൽ ഞരമ്പ് കയറിയതായിരുന്നു നടുവേദനയ്ക്ക് കാരണം. വിദഗ്ധ ചികിത്സക്കായി ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ജൂൺ 25ാം തീയതി എത്തുകയും ന്യൂറോ സർജൻ മനോജിനെ കാണുകയും ഓപ്പറേഷൻ നിർദേശിക്കുകയുമായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ ചൂണ്ടികാട്ടി.

27ാം തീയതിയാണ് കീഹോൾ സർജറി നടത്തുന്നത്. അന്ന് രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി. എന്നാൽ വയറുവേദയുള്ളതായി സഹോദരൻ പറഞ്ഞെന്നും വയർ വീർത്തിരിക്കുന്നതും കണ്ടുവെന്നും സഹോദരൻ പറയുന്നു. തുടർന്ന് ഗ്യാസ്‌ട്രോയുടെ ഡോക്ടർ പരിശോധിക്കുകയും ഗ്യാസിനുള്ള മരുന്ന് നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെ മനോജ് വന്ന് ഗ്യാസ് ഉള്ളതിനാൽ നടക്കാൻ പറഞ്ഞു. എന്നാൽ ബിജു തളർന്ന് വീഴുകയായിരുന്നു. പരിശോധനയിൽ ബിപി കുറഞ്ഞതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്. മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു. ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. 28-ാം തീയതി മറ്റൊരു ശസ്ത്രക്രിയ നടത്തി. ഹീമോഗ്ലോബിൻ കുറവായതിനെ തുടർന്നും വൃക്കകളുടെ പ്രവർത്തനം മോശമായതിനാലും ഡയാലിസിസ് ആരംഭിക്കുകയും ബിജു ഇന്നലെ മരിച്ചുവെന്നുമാണ് കുടുംബം പറയുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img