12:24am 10 November 2026
NEWS
രോഗിക്ക് ചികിത്സ നിശ്ചയിക്കാനാകില്ല; ഏത് പരിശോധന വേണമെന്ന് ഡോക്ടർ തീരുമാനിക്കും: കേരള ഹൈക്കോടതി
23/07/2026  06:53 AM IST
സുരേഷ് വണ്ടന്നൂർ
രോഗിക്ക് ചികിത്സ നിശ്ചയിക്കാനാകില്ല; ഏത് പരിശോധന വേണമെന്ന് ഡോക്ടർ തീരുമാനിക്കും: കേരള ഹൈക്കോടതി

​കൊച്ചി: രോഗികൾക്ക് തങ്ങൾക്ക് ആവശ്യമുള്ള രോഗനിർണ്ണയ പരിശോധനകൾ (CT, MRI സ്കാനുകൾ തുടങ്ങിയവ) വേണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും, ഇത്തരം പരിശോധനകൾ വേണമോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ചികിത്സിക്കുന്ന ഡോക്ടർക്കാണെന്നും കേരള ഹൈക്കോടതി വ്യക്താമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
​കടുത്ത തലവേദനയും മറ്റ് പ്രയാസങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ വിരമിച്ച ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ആവശ്യമായ പരിശോധനകളോ സി.ടി, എം.ആർ.ഐ സ്കാനുകളോ നിർദ്ദേശിക്കാൻ ആശുപത്രിയിലെ ഡോക്ടർമാർ തയ്യാറായില്ലെന്നായിരുന്നു ഹർജിക്കാരന്റെ പരാതി.
​എന്നാൽ, രോഗി ഡോക്ടറെ കണ്ടതിന് ഒ.പി ടിക്കറ്റ് അല്ലാതെ മറ്റ് തെളിവുകളൊന്നുമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ക്ലിനിക്കൽ പരിശോധനകൾക്ക് ശേഷമാണ് സാധാരണയായി കൂടുതൽ സ്കാനുകൾ നിർദ്ദേശിക്കാറുള്ളതെന്നും സർക്കാർ വ്യക്തമാക്കി.
​"രോഗി ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാണ് മുന്നോട്ട് പോകേണ്ടത്, മറിച്ച് ഡോക്ടർ രോഗിയുടെ നിർദ്ദേശപ്രകാരമല്ല പ്രവർത്തിക്കേണ്ടത്. ഏത് തരത്തിലുള്ള സ്കാനാണ് ആവശ്യമെന്ന് തീരുമാനിക്കുന്നത് ഡോക്ടറുടെ പ്രൊഫഷണൽ തീരുമാനമാണ്. ഇന്ന സ്കാൻ വേണമെന്ന് ഡോക്ടറോട് ആവശ്യപ്പെടാൻ രോഗിക്ക് അവകാശമില്ല," എന്ന് കോടതി നിരീക്ഷിച്ചു.
​ഹർജിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി, ഹർജിക്കാരന് ആവശ്യമെങ്കിൽ എറണാകുളം ജനറൽ ആശുപത്രിയിലോ മറ്റ് അനുയോജ്യമായ ആശുപത്രികളിലോ തുടർചികിത്സ തേടാമെന്ന് വ്യക്തമാക്കി ഹർജി അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img