
കൊച്ചി: രോഗികൾക്ക് തങ്ങൾക്ക് ആവശ്യമുള്ള രോഗനിർണ്ണയ പരിശോധനകൾ (CT, MRI സ്കാനുകൾ തുടങ്ങിയവ) വേണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും, ഇത്തരം പരിശോധനകൾ വേണമോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ചികിത്സിക്കുന്ന ഡോക്ടർക്കാണെന്നും കേരള ഹൈക്കോടതി വ്യക്താമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
കടുത്ത തലവേദനയും മറ്റ് പ്രയാസങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ വിരമിച്ച ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ആവശ്യമായ പരിശോധനകളോ സി.ടി, എം.ആർ.ഐ സ്കാനുകളോ നിർദ്ദേശിക്കാൻ ആശുപത്രിയിലെ ഡോക്ടർമാർ തയ്യാറായില്ലെന്നായിരുന്നു ഹർജിക്കാരന്റെ പരാതി.
എന്നാൽ, രോഗി ഡോക്ടറെ കണ്ടതിന് ഒ.പി ടിക്കറ്റ് അല്ലാതെ മറ്റ് തെളിവുകളൊന്നുമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ക്ലിനിക്കൽ പരിശോധനകൾക്ക് ശേഷമാണ് സാധാരണയായി കൂടുതൽ സ്കാനുകൾ നിർദ്ദേശിക്കാറുള്ളതെന്നും സർക്കാർ വ്യക്തമാക്കി.
"രോഗി ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാണ് മുന്നോട്ട് പോകേണ്ടത്, മറിച്ച് ഡോക്ടർ രോഗിയുടെ നിർദ്ദേശപ്രകാരമല്ല പ്രവർത്തിക്കേണ്ടത്. ഏത് തരത്തിലുള്ള സ്കാനാണ് ആവശ്യമെന്ന് തീരുമാനിക്കുന്നത് ഡോക്ടറുടെ പ്രൊഫഷണൽ തീരുമാനമാണ്. ഇന്ന സ്കാൻ വേണമെന്ന് ഡോക്ടറോട് ആവശ്യപ്പെടാൻ രോഗിക്ക് അവകാശമില്ല," എന്ന് കോടതി നിരീക്ഷിച്ചു.
ഹർജിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി, ഹർജിക്കാരന് ആവശ്യമെങ്കിൽ എറണാകുളം ജനറൽ ആശുപത്രിയിലോ മറ്റ് അനുയോജ്യമായ ആശുപത്രികളിലോ തുടർചികിത്സ തേടാമെന്ന് വ്യക്തമാക്കി ഹർജി അവസാനിപ്പിച്ചു.











